അര നൂറ്റാണ്ട് പിന്നിട്ടിട്ടും തകരാത്ത ചുവപ്പ് കോട്ടയുണ്ട് മറാത്ത മണ്ണിൽ !

ചില വിജയങ്ങള്‍ ചെറുതാണെങ്കിലും, അതു നല്‍കുന്ന സന്ദേശം വളരെ വലുതായിരിക്കും.

അത്തരത്തിലൊരു വിജയമാണ് മഹാരാഷ്ട്രയിലെ തലാസരിയില്‍ സി.പി.എം നേടിയിരിക്കുന്നത്. തലാസരി ബ്ലോക്ക് പഞ്ചായത്തിലാണ് ചെമ്പട വിജയം ആവര്‍ത്തിച്ചിരിക്കുന്നത്.

ഇവിടെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക്, ഒരു എതിരാളി പോലും ഉണ്ടായിരുന്നില്ല.

നന്ദ് കുമാര്‍ ഹദല്‍ ആണ് പുതിയ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണാകട്ടെ, രാജേഷ് കര്‍പഡേയുമാണ്.

ജനുവരി 7 ന് നടന്ന തിരഞ്ഞെടുപ്പില്‍ 10 ല്‍ 8 സീറ്റും നേടിയത് സി.പി.എമ്മായിരുന്നു. ബി.ജെ.പി – എന്‍.സി.പി സ്ഥാനാര്‍ത്ഥികളെയാണ് ഇവിടെ അവര്‍ പരാജയപ്പെടുത്തിയിരുന്നത്. 5 ല്‍ 4 ജില്ലാപരിഷത്ത് സീറ്റുകള്‍ നേടിയതും സി.പി.എം തന്നെയാണ്. ഇതിനു പുറമെ 12 പഞ്ചായത്ത് സമിതി സീറ്റുകള്‍ ഉള്‍പ്പെടെ, 18 സീറ്റുകളും ചെമ്പട നേടിയിട്ടുണ്ട്.

1964 മുതല്‍ കഴിഞ്ഞ 56 വര്‍ഷമായി സി.പി.എം തുടര്‍ച്ചയായാണ്, തലാസരി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്.

ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. പരിമിതിക്കുള്ളില്‍ നിന്നും ഈ പ്രദേശത്ത് നടത്തിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള, അംഗീകാരം കൂടിയാണിത്.

മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിക്കേണ്ട വിജയമാണിത്. സംസ്ഥാന ഭരണം കയ്യിലുണ്ടായിട്ടുപോലും, തലാസരിയിലെ ചുവപ്പ് കോട്ട തകര്‍ക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല.

കേരളത്തില്‍ ഇടതുപക്ഷത്തുള്ള എന്‍.സി.പി പോലും മഹാരാഷ്ട്രയില്‍ ചുവപ്പിനെ ചതിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഈ പാര്‍ട്ടിയെ ഇനിയും ഇടതുമുന്നണിയില്‍ നിലനിര്‍ത്തണമോ എന്ന്, ഇനിയെങ്കിലും ചിന്തിക്കേണ്ടത് സി.പി.എമ്മാണ്.

ഇവിടെ എന്‍.സി.പിക്ക് നല്‍കിയ മൂന്ന് എം.എല്‍.എ സ്ഥാനവും മന്ത്രി പദവിയും, അവര്‍ക്ക് അര്‍ഹതപ്പെടാത്തതാണ്.

ഒറ്റക്ക് നിന്നാല്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാനുള്ള ശേഷി ആ പാര്‍ട്ടിക്ക് കേരളത്തിലില്ല.

സി.പി.എമ്മിന്റെ വോട്ടുകള്‍ കൊണ്ട് മാത്രമാണ് ഇവരെല്ലാം അഹങ്കരിക്കുന്നത്.

മഹാരാഷ്ട്രയില്‍ എന്‍.സി.പി കാണിക്കാത്ത വിട്ടു വീഴ്ച, കേരളത്തില്‍ സി.പി.എമ്മും ഇനി ചെയ്യരുത്.

കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ഇത്തരമൊരു നിലപാടാണ് സ്വീകരിക്കേണ്ടത്. ഈ സീറ്റ് എന്‍.സി.പിയില്‍ നിന്നും ഏറ്റെടുക്കാന്‍ സി.പി.എം തയ്യാറാകുകയാണ് വേണ്ടത്.

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍, 100 ന് അടുത്ത് സീറ്റുകളാണ്, യു.പി.എക്ക് ഇത്തവണ കിട്ടിയിരിക്കുന്നത്.

ഇത് എന്‍.സി.പിയുടെയും കോണ്‍ഗ്രസ്സിന്റെയും കേമത്തം കൊണ്ട് മാത്രം കിട്ടിയതല്ല.

ചെമ്പട വിതച്ചത് , യു.പി.എ കൊയ്തു എന്ന് പറയുന്നതാവും ശരി. ഇടതു പാര്‍ട്ടികളുടെ സംഘടനാപരമായ പരിമിതിയാണ്, ഇവിടെ അവര്‍ക്ക് ഗുണമായി മാറിയിരിക്കുന്നത്.

ബി.ജെ.പി സര്‍ക്കാറിനെതിരെ ജന രോക്ഷമുയര്‍ന്നത്, ഇടതുപക്ഷ സമരത്തിലൂടെയാണ്.

ചെങ്കൊടി പിടിച്ച് നാസിക്കില്‍ നിന്നും മുംബൈയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് ഇതില്‍ പ്രധാനമാണ്.

ഫ്ടനവിസ് സര്‍ക്കാറിനെതിരെ ഏറ്റവും ശക്തമായി ഉയര്‍ന്ന പ്രതിഷേധവും, ഇതുതന്നെയാണ്.

ചുട്ടുപൊള്ളുന്ന വെയിലില്‍ ചോര പൊടിയുന്ന പാദങ്ങളുമായി 180 കിലോമീറ്ററാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയിരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രക്ഷോഭമായിരുന്നു അത്.

സി.പി.എമ്മിന്റെ കര്‍ഷക സംഘടനക്ക്, ലക്ഷങ്ങളെ മഹാരാഷ്ട്രയിലും തെരുവിലിറക്കാന്‍ കഴിയുമെന്നാണ്, ഈ സമരം തെളിയിച്ചിരുന്നത്.

മഹാരാഷ്ട്ര സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയാണ് അവകാശങ്ങള്‍ കര്‍ഷകര്‍ പിടിച്ചു വാങ്ങിയത്.

സ്വാഭാവികമായും ഈ നേട്ടങ്ങള്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനുമാണ് ലഭിക്കേണ്ടിയിരുന്നത്. സംഘടനാപരമായ ദൗര്‍ബല്യമാണ് ഇവിടെ സി.പി.എമ്മിന് തിരിച്ചടിയായിരിക്കുന്നത്. പ്രതിപക്ഷത്ത് നേട്ടമുണ്ടാക്കിയതാകട്ടെ, എന്‍.സി.പിയും കോണ്‍ഗ്രസ്സുമാണ്.

ഇടതുപക്ഷത്തിന് അര്‍ഹതപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ പോലും എന്‍.സി.പി തയ്യാറായിരുന്നില്ല.

ഇതുകൊണ്ട് കൂടിയാണ് കൂടുതല്‍ സീറ്റുകളില്‍ എന്‍.ഡി.എക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്.

അധികാരത്തിന് വേണ്ടി ആദര്‍ശം മറക്കുന്ന ഖദര്‍ രാഷ്ട്രീയമാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ കാണുന്നത്.

ശിവസേനയുമായി അധികാരം പങ്കിടുക വഴി, കോണ്‍ഗ്രസ്സും എന്‍.സി.പിയും തെളിയിച്ചതും അതുതന്നെയാണ്.

ബി.ജെ.പി റാഞ്ചാതിരിക്കാന്‍ തങ്ങളുടെ എം.എല്‍.എമാരെ ഇവര്‍ക്കെല്ലാം ഒളിപ്പിക്കേണ്ടിയും വന്നു.

എം.എല്‍.എമാര്‍ക്ക് കോടികള്‍ വിലയിട്ട ആ സമയത്തും, സ്വന്തം കുടിലില്‍ കിടന്ന ഒരൊറ്റ എം.എല്‍.എയേ ഉണ്ടായിട്ടുള്ളൂ. അത് ദഹാനുവില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ വിനോദ് ഭിവ നികോളെയാണ്.

വിശ്വാസവോട്ട് ഉറപ്പിക്കാന്‍ ബി.ജെ.പി പരക്കം പായുമ്പോള്‍ സ്വന്തം സൈക്കിളില്‍ ഗ്രാമത്തില്‍ കറങ്ങുകയായിരുന്നു നികോളെ.

ഒരു ജന പ്രതിനിധി എങ്ങനെ ആയിരിക്കണം എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ ദരിദ്ര എം.എല്‍.എ.

‘ചുവപ്പ് ഒരു തരി മതി’ എന്നൊക്കെ പറയുന്നത് ഇതിനെയൊക്കെയാണ്.

കോണ്‍ഗ്രസ്സും ബി.ജെ.പിയും എന്‍.സി.പിയുമെല്ലാം കണ്ടു പഠിക്കേണ്ട ശൈലിയാണിത്.

ഒറ്റ എം.എല്‍.എ മാത്രമേ മഹാരാഷ്ട്രയില്‍ ഉള്ളൂവെങ്കിലും അതൊന്നും ചെമ്പടയെ തെല്ലും തളര്‍ത്തിയിട്ടില്ല.

പാര്‍ലമെന്ററി രംഗത്തെ ഇടപെടലുകള്‍, കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് മറ്റൊരു സമര രൂപം മാത്രമാണ്. അധികാരം ഇല്ലങ്കിലും ഉണ്ടെങ്കിലും, അതൊന്നും ജനകീയ ഇടപെടലുകളെ ബാധിക്കാറില്ല. കേരളത്തില്‍ പോലും സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും ഏറ്റവും കരുത്താര്‍ജജിക്കാറ് അവര്‍ പ്രതിപക്ഷത്ത് ഉള്ളപ്പോഴാണ്.

ഇതു തന്നെയാണ് മഹാരാഷ്ട്രയിലെ സി.പി.എം പ്രവര്‍ത്തകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

മഹാരാഷ്ട്രയെ സംബന്ധിച്ച് നിലവില്‍ കിസാന്‍ സഭ വളരെ വലിയ ശക്തിയാണ്. കാമ്പസുകളില്‍ പല ജില്ലകളിലും എസ്.എഫ്.ഐയും വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും ചെങ്കൊടിക്ക് കീഴില്‍ അണി നിരത്തുക എന്നതാണ്, സി.പി.എമ്മിന് മുന്നില്‍ ഇനിയുള്ള ദൗത്യം.

പ്രക്ഷോഭ രംഗത്തെ മുന്നറ്റം വോട്ടിങ്ങിലും പ്രകടമാവാന്‍, സംഘടനാപരമായ ദൗര്‍ബല്യമാണ് ആദ്യം പരിഹരിക്കേണ്ടത്. അതുണ്ടാവുന്നത് വരെ ചുവപ്പ് വിതച്ചത് മറ്റുള്ളവരാണ് കൊയ്യുക.

വൈകിയാണെങ്കിലും ഈ യാഥാര്‍ത്ഥ്യം സിപിഎമ്മും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചെമ്പടയുടെ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സൂചനയും അതാണ്.

Political Reporter

Top