മാധ്യമ’ത്തിനെതിരെ സിപിഎം നിലപാടെടുക്കാറില്ല; കോടിയേരി ബാലകൃഷ്ണൻ

മാധ്യമം പത്രത്തിനെതിരെ സിപിഎം നിലപാടെടുക്കാറില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു പത്രവും നിരോധിക്കണമെന്ന നിലപാട് പാർട്ടിക്കില്ല. ജലീൽ കത്തെഴുതിയത് പാർട്ടിയോട് ആലോചിച്ചിട്ടല്ല, എംഎൽഎമാർ ചെയ്യുന്നത് മുഴുവൻ പാർട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. ജലീൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുത്താൽപോരേ എന്നും അദ്ദേഹം ചോദിച്ചു.

ഇ.ഡി രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കോടിയേരി ആരോപിച്ചു. ഇതിന്റെ ഭാഗമാണ് തോമസ് ഐസകിനും നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് വികസനത്തിന് വലിയ സഹായമാണ് കിഫ്ബി ചെയ്തത്. അത് തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കോൺഗ്രസ് കഴിഞ്ഞ ദിവസം ഇ.ഡിക്കെതിരെ സമരം നടത്തിയത് സ്വാഗതാർഹമാണ്. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തതോടെയാണ് കോൺഗ്രസ് ഇ.ഡിക്കെതിരെ നിലപാട് സ്വീകരിക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

Top