പ്രകോപനം വേണ്ട! ശബരിമലയില്‍ യുടേണ്‍ എടുത്ത് എല്‍ഡിഎഫ് സര്‍ക്കാരും, സിപിഎമ്മും

2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് പുനഃപ്പരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് മുന്നിലേക്ക് പരമോന്നത കോടതി കൈമാറിയത്. മണ്ഡലമാസത്തിന് മുന്നോടിയായി അന്തിമതീരുമാനം ആകാതെ വന്നതോടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വീണ്ടുമൊരു അഴിയാക്കുരുക്കായി. എജിയുടെ നിയമോപദേശം സ്വീകരിച്ച സര്‍ക്കാര്‍ തല്‍ക്കാലം സ്ത്രീപ്രവേശനത്തെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാട് സ്വീകരിച്ച് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പോലെ ശബരിമലയില്‍ ശക്തിപ്രയോഗം നടത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എല്‍ഡിഎഫ് സര്‍ക്കാരിനെ ഉപദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഈ നിലപാടാണ് നല്ലതെന്നാണ് സെക്രട്ടറിയേറ്റ് നിലപാട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്ത സിപിഎം നേതൃത്വമാണ് പിണറായി വിജയന്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയത്.

കഴിഞ്ഞ മണ്ഡലക്കാലത്ത് ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കിയ നിലപാട് ഇക്കുറി ആവര്‍ത്തിച്ച് പ്രകോപനം വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. ഈ നിലപാടാണ് ഈ വര്‍ഷം പിന്തുടരുകയെന്ന് സര്‍ക്കാര്‍ ഇതിന് പിന്നാലെ വ്യക്തമാക്കുകയും ചെയ്തു.

ഏതെങ്കിലും സ്ത്രീകള്‍ ശബരിമല കയറാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അതിന് കോടതി ഉത്തരവുമായി വരണമെന്നാണ് വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രതികരണം. ആക്ടിവിസത്തെ പിന്തുണയ്ക്കാന്‍ ഇല്ലെന്ന മന്ത്രിയുടെ വാക്കുകള്‍ ഈ വര്‍ഷത്തെ മണ്ഡലക്കാലം ഭക്തര്‍ക്ക് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമല ധര്‍മ്മശാസ്താവിനെ കണ്ടുമടങ്ങാന്‍ അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷ.

Top