സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് കണ്ണൂരില്‍ കൊടി ഉയരും

കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ ഇന്ന് കൊടി ഉയരും. പ്രതിനിധി സമ്മേളനം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യമരുളുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം.

രാവിലെ ഒന്‍പത് മുപ്പതിന് സമ്മേളന നഗരിയായ മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ഒ.വി നാരായണന്‍ പാതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാകുക.

18 ഏരിയാകമ്മിറ്റികളില്‍ നിന്നുളള 250 പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുളള സംസ്ഥാന കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി,കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവരും സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കും.

പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ നേതൃത്വത്തിനും സര്‍ക്കാരിനും നേരെ രൂക്ഷമായ വിമര്‍ശനങ്ങളൊന്നും ഉയരാന്‍ സാധ്യതയില്ല. എന്നാല്‍ പി ജയരാജനെതിരായ പാര്‍ട്ടി നടപടി, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍, തലശേരിയില്‍ സി.ഒ.ടി നസീറിനെതിരെ നടന്ന കൊലപാതക ശ്രമം പി ജയരാജനില്‍ ചാരാന്‍ എ എന്‍ ഷംസീര്‍ ശ്രമിച്ചെന്ന ആരോപണം തുടങ്ങിയവ ചൂടേറിയ ചര്‍ച്ചക്ക് വഴി വെച്ചേക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി ജയരാജന്‍ തന്നെ തുടരാനാണ് സാധ്യത.

Top