സിപിഎം ലീഗിനെ ഇതുവരെ ക്ഷണിച്ചിട്ടില്ല, ക്ഷണിച്ചാൽ നോക്കാം: സാദിഖലി

കോഴിക്കോട്: സിപിഎമ്മും ഇടതുപക്ഷവും മുസ്ലിംലീഗിനെ ഇതുവരെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്പോൾ മാത്രമേ അത് സംബന്ധിച്ച് നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. സിപിഎമ്മുമായുള്ള എതിർപ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്. ഇടതുപക്ഷമായി ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ല.

മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ലീഗിനെ ഇടതുപക്ഷം ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഇടതുപക്ഷം ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കുമ്പോൾ നോക്കിയാൽ മതി. ഇപ്പോ അതിന്റെ സമയമല്ല. ബിജെപിക്കെതിരായി ഫാസിസത്തിനെതിരായ പോരാട്ടത്തിലാണ്. അതിന് നേതൃത്വം കൊടുക്കേണ്ടത് കോൺഗ്രസാണ്.

കോൺഗ്രസ് അത് ഗൗരവത്തോടെ എടുക്കണം. അവർ അവരുടെ ഉത്തരവാദിത്തം മറക്കാൻ പാടില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.

കോൺഗ്രസ് എല്ലാ നേതാക്കളുടേയും ഒരു കൂട്ടായ്മയാണ്. എല്ലാ നേതാക്കൾക്കും അണികളുണ്ട്. നേരത്തെയുള്ള നിലപാട് തിരുത്തി ഇപ്പോൾ അവർ തരൂരിനെ അംഗീകരിക്കുന്നുണ്ട്. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കോൺഗ്രസിൽ ഭിന്നതയുണ്ടാകാൻ പാടില്ല. അവരുടെ ആശയങ്ങളും നിലനിൽക്കണം. അതിലൂടെ മാത്രമേ മതേതരത്വത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Top