പ്രവർത്തനങ്ങൾ ‘അത്രപോര’; സർക്കാർ പ്രവർത്തനത്തിൽ സിപിഎമ്മിന് അതൃപ്തി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മിന് അതൃപ്തി. സംസ്ഥാന സമിതി യോഗത്തില്‍ മന്ത്രിമാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മന്ത്രിമാര്‍ തീരുമാനങ്ങള്‍ എടുക്കുന്നില്ല. എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ്. സര്‍ക്കാരിന്റെ മുഖമായ ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളില്‍ കൂടുതല്‍ പരാതി ഉയരുന്നെന്നും ഗതാഗത, വനം വകുപ്പുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാകുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.

സര്‍ക്കാരിന് ജനകീയ മുഖം നല്‍കുന്നുമായി ബന്ധപ്പെട്ട കര്‍മ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യവേയാണ് വിമര്‍ശനമുയര്‍ന്നത്. മന്ത്രിമാര്‍ ഫോണ്‍ എടുക്കുന്നില്ല. രാഷ്ട്രീയ വിഷയങ്ങളെ കൃത്യമായി പ്രതിരോധിക്കാന്‍ മന്ത്രിമാര്‍ക്കാകുന്നില്ല. മന്ത്രിമാരില്‍ പലര്‍ക്കും യാത്ര ചെയ്യാന്‍ മടിയാണ്. എല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് ശ്രമിക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തുപോലും എത്തുന്ന പ്രവര്‍ത്തനം മന്ത്രിമാര്‍ കാണിക്കുന്നില്ല. പൊലീസിനെ കയറൂരി വിടുന്നത് ശരിയല്ല. ഇത് പരാതികള്‍ക്ക് ഇടവരുത്തുന്നു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ വേണം. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപന കുറവുണ്ടെന്നും വിമര്‍ശനമുയര്‍ന്നു.

Top