സി.പി.എം പുറത്താക്കിയവരെ ഒപ്പം കൂട്ടിയും വളര്‍ച്ചയില്‍ ‘വേഗത’ കൈവരിച്ചും സി.പി.ഐ !

cpm

തിരുവനന്തപുരം: സി.പി.എം പുറത്താക്കിയവരെ ഒപ്പം കൂട്ടി സി.പി.ഐയുടെ ‘മുന്നേറ്റം’ പാര്‍ട്ടി തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 23,854 പേരാണ് പുതുതായി സി.പി.ഐയില്‍ അംഗത്വമെടുത്തിരിക്കുന്നത്. ഇത് 2017ല്‍ 1,33,410 അംഗങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1,57,264 ആയി വര്‍ധിച്ചിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് ആഗസ്റ്റില്‍ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കും.

കാനം രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയായതിനു ശേഷം സി.പി.എമ്മിനെതിരെ സി.പി.ഐ എടുത്ത ശക്തമായ നിലപാടുകളാണ് സി.പി.എമ്മില്‍ നിന്നും ആളുകളെ പാര്‍ട്ടി പാളയത്തിലെത്തിക്കാന്‍ സഹായകരമായതെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സി.പി.എം സംഘടനാ നടപടി എടുക്കാന്‍ തക്കം നോക്കി നിന്ന് പ്രവര്‍ത്തകരെ സ്വാധീനിച്ച് ‘ചാക്കിട്ട് പിടിക്കുന്ന ‘ തന്ത്രമാണ് സാങ്കേതികമായി ഇപ്പോള്‍ വിജയം കണ്ടരിക്കുന്നത്. ഈ കണക്കുകള്‍ പരസ്യപ്പെടുത്തി സി.പി.എം ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കാനാണ് സി.പി.ഐ തീരുമാനം.

CPM party congress

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പാര്‍ട്ടി അംഗങ്ങളുടെ കണക്കുകള്‍ നോക്കിയാല്‍ കൊല്ലം ജില്ലയിലാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം 27,434 അംഗങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോഴത്തെ കണക്കു പ്രകാരം 32,828 പേരാണ് കൊല്ലത്ത് മാത്രം പാര്‍ട്ടിയില്‍ ഉള്ളത്.

19,000 പേരുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്‌ 16,000 ആയിരുന്നു. തൃശൂരിലെ അംഗങ്ങളുടെ എണ്ണം 14,889 ആയിരുന്നത് 18,000 ആയാണ് ഉയര്‍ന്നത്. മലപ്പുറത്ത് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 5,048ല്‍ നിന്നും 6,000 ആയും ഉയര്‍ന്നു. അംഗസംഖ്യ എല്ലാ ജില്ലകളിലും വര്‍ധിച്ചെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.

പാര്‍ട്ടി ബ്രാഞ്ചുകള്‍ 801 എണ്ണമാണ് വര്‍ധിച്ചത്. വിദേശ രാജ്യങ്ങളിലെ 29 ബ്രാഞ്ചുകളില്‍ 600 അംഗങ്ങളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ആകെ അംഗസംഖ്യയുടെ 10% കൊഴിഞ്ഞുപോയിരുന്നെങ്കില്‍ ഈ വര്‍ഷം അക്കാര്യത്തിലും കുറവു വന്നത് പാര്‍ട്ടിയുടെ മികവ് വെളിവാക്കുന്നതാണ്.

cpm

പുതിയതായി പാര്‍ട്ടിയിലേക്ക് വന്നവരില്‍ യുവാക്കളും വിദ്യാര്‍ഥികളും സ്ത്രീകളും പട്ടികജാതി-വര്‍ഗ വിഭാഗക്കാരും ഉള്‍പ്പെടുന്നുണ്ടെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പാര്‍ട്ടിയിലെ അംഗത്വം പുതുക്കുന്നതിനുള്ള നടപടികള്‍ നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതിനാല്‍ അംഗത്വ പരിശോധന രണ്ടു മാസത്തോളം വൈകിയാണ് ആരംഭിച്ചിരുന്നത്.

വര്‍ഗ്ഗ വഞ്ചന കാട്ടുന്ന സി.പി.ഐയെ ഇടതുമുന്നണിയില്‍ നിലനിര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സി.പി.എം നേതാക്കള്‍ക്ക് പുതിയ കണക്കുകള്‍ ഇനി പ്രധാന ആയുധമാകും. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കിച്ച് പ്രാദേശികമായി മുതലെടുപ്പു നടത്തുന്ന സി.പി.ഐയെ പടിയടച്ച് ‘പിണ്ഡം’ വയ്ക്കണമെന്നതാണ് സി.പി.എമ്മിലെ പൊതുവികാരം. തങ്ങള്‍ മാത്രമാണ് ശരിയെന്ന് പറയുന്ന സി.പി.ഐ വാദത്തെ സി.പി.എം മന്ത്രിമാരും പുച്ഛിച്ച് തള്ളുന്നു.

Top