CPM conversation with rebels in Nilambur

cpm

മലപ്പുറം: പൊതുയോഗം കൈയ്യേറി ആക്രമിച്ചതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരണം തേടി നിലമ്പൂരിലെ വിമതന്‍മാരുമായി സി.പി.എം ജില്ലാ നേതൃത്വം രഹസ്യചര്‍ച്ച നടത്തി.

നിലമ്പൂരിലെ സി.പി.എം നേതാക്കളെ ഒഴിവാക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എം ഷൗക്കത്ത്, എടക്കര ഏരിയാ സെക്രട്ടറി എം.ആര്‍ ജയചന്ദ്രന്‍, നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന പ്രഫ. തോമസ് മാത്യു എന്നിവരാണ് വിമത നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കെ. അബ്ദുല്‍നാസര്‍, ഉമ്മഴി വേണു, ഇല്ലിക്കല്‍ അബ്ദുല്‍ അസീസ്, പി. പ്രദീപ്, പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന വി. സുധാകരന്‍ എന്നിവരെ ഇന്നലെ രാവിലെ പാര്‍ട്ടി ഓഫീസിലേക്കു ക്ഷണിച്ചുവരുത്തിയായിരുന്നു രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച. നിലമ്പൂരിലെ പാര്‍ട്ടിനേതാക്കളുമായി ചര്‍ച്ചക്കില്ലെന്ന് വിമതര്‍ അറിയിച്ചതോടെയാണ് അവരെ ഒഴിവാക്കി എടക്കര ഓഫീസില്‍ വേദിയൊരുക്കിയത്.

അച്ചടക്ക നടപടിയില്‍ രണ്ടു മാസത്തിനുള്ളില്‍ സി.പി.എം സംസ്ഥാന നേതൃത്വം അനുഭാവപൂര്‍ണ്ണമായ നിലപാടെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ അഭിപ്രായം പറയാനാവൂ എന്ന് വിമതര്‍ വ്യക്തമാക്കി. ഉറപ്പുകളൊന്നും ഇരുപക്ഷവും നല്‍കിയിട്ടില്ല.

വിഭാഗീയതയെത്തുടര്‍ന്ന് നിലമ്പൂരിലെ സി.പി.എം വിമതരുടെ ജനകീയ കൂട്ടായ്മയിലെ 12 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. നടപടിയില്‍ പ്രതിഷേധിച്ച് 31 സി.പി.എം മെമ്പര്‍മാര്‍ അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു. നിലമ്പൂരിലെ സി.പി.എം നേതാക്കള്‍ക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി അംഗങ്ങള്‍ ഒപ്പിട്ടു നല്‍കിയ പരാതിയില്‍ ഉന്നയിച്ച അനാശാസ്യം, അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ വിശദീകരിക്കാനായി ചേര്‍ന്ന വിമതരുടെ പൊതുയോഗം സി.പി.എം പ്രവര്‍ത്തകര്‍ കൈയ്യേറി വിമത നേതാവ് പി.എം. ബഷീറിനെ ആക്രമിച്ചിരുന്നു.

വിഭാഗീയത അക്രമത്തിലേക്കു നീങ്ങിയതോടെ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നു കണ്ടാണ് ജില്ലാ നേതൃത്വം ഇടപെട്ട് വിമതരുമായി രഹസ്യചര്‍ച്ച നടത്തിയത്. നിലമ്പൂരില്‍ രണ്ടു തവണ ആര്യാടന്‍ മുഹമ്മദിനോട് മത്സരിച്ചു പരാജയപ്പെട്ട നേതാവാണ് പ്രഫ. തോമസ് മാത്യു. 1996ലും 2011ലുമാണ് തോമസ് മാത്യു ആര്യാടനോട് മത്സരിച്ചു തോറ്റത്. കഴിഞ്ഞ തവണ കേവലം 5598 വോട്ടിനായിരുന്നു പരാജയം.

ഇത്തവണ ഇടതുപക്ഷം വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് നിലമ്പൂര്‍. എടക്കര ഏരിയാ കമ്മിറ്റി തോമസ് മാത്യുവിനെയാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. വിഭാഗീയതയില്‍ വിമതര്‍ക്കുനേരെയുണ്ടായ അച്ചടക്ക നടപടിയിലും പൊതുയോഗം കൈയ്യേറി ആക്രമണം നടത്തിയതിലും സി.പി.എം ജില്ലാ നേതാക്കള്‍ക്ക് രണ്ടു നിലപാടാണുള്ളത്.

അച്ചടക്ക നടപടിയെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ. വിജയരാഘവനും ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ദിവാകരനും ശക്തമായി ന്യായീകരിക്കുമ്പോള്‍ ഒരു വിഭാഗം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടുകാരാണ്.

Top