CPM-Congress relation Bengal; Kerala politics waiting for VS Statement

ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സിപിഎമ്മില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കും.

ഈ മാസം ചേരുന്ന കേന്ദ്രകമ്മിറ്റി പിബി യോഗങ്ങള്‍ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം ചര്‍ച്ചചെയ്ത് എന്ത് തീരുമാനമെടുത്താലും അത് സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണ്ണായകമായിരിക്കും.

ബംഗാളില്‍ അധികാരത്തില്‍ തിരിച്ച് വരുന്നതിന് വേണ്ടി കേരളത്തിലെ പാര്‍ട്ടിയെ ബലികൊടുക്കരുതെന്ന നിലപാടിലാണ് സിപിഎം കേരളഘടകം.

എന്നാല്‍ മുഖ്യശത്രു മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണെന്നും ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിക്ക് ബംഗാളില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നുമാണ് ബംഗാള്‍ ഘടകത്തിന്റെ വാദം.

പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനപ്രകാരം കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎമ്മിന് ബുദ്ധിമുട്ടായതിനാല്‍ ബംഗാളിന്റെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കരുത്തിലാണ് ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ വിശ്വാസമര്‍പ്പിക്കുന്നത്.

എന്നാല്‍ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയ പിബി അംഗങ്ങള്‍ കേരള ഘടകത്തിനൊപ്പമാണ്.

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും ത്രിപുര ഘടകവും ബംഗാള്‍ ഘടകത്തിനൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് സൂചന.

കേന്ദ്രകമ്മിറ്റി-പിബി യോഗങ്ങള്‍ക്ക് മുന്‍പ് ഓരോ അംഗത്തെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ‘വ്യക്തിപരമായി’ തന്നെ ബോധ്യപ്പെടുത്താന്‍ കേരള-ബംഗാള്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ ശ്രമം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.

മുന്‍പ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ ലഭിച്ച അവസരം തട്ടി തെറിപ്പിച്ചതുപോലെ ‘ചരിത്രപരമായ മണ്ടത്തരം’ ആവര്‍ത്തിക്കരുതെന്നാണ് സിപിഎം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ എസ് രാമചന്ദ്രന്‍ പിള്ളയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ കേരള ഘടകത്തിന്റെ പിന്‍തുണയോടെ നടത്തിയ നീക്കത്തെ ചെറുത്ത് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കിയത് ബംഗാള്‍-ത്രിപുര ഘടകങ്ങളുടെ തന്ത്രപരമായ ഇടപെടലായിരുന്നു.

അന്ന് സമ്മേളന നഗരിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യെച്ചൂരിയെ പരസ്യമായി പിന്‍തുണച്ച് രംഗത്ത് വന്ന വിഎസ് അച്യുതാനന്ദന്‍ ഇപ്പോഴത്തെ തര്‍ക്കത്തില്‍ ഏതുപക്ഷത്ത് നില്‍ക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബംഗാള്‍ ഘടകം പറയുന്നത് അവിടുത്തെ ജനവികാരമാണെന്നും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള നിലപാടിലാണ് വിഎസ്. തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ വിഎസ് വ്യക്തമാക്കും.

കേരളത്തില്‍ ഏറ്റവും ജനസ്വാധീനമുള്ള മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ നിലപാടില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ബംഗാള്‍ ഘടകം.

അച്ചടക്കത്തിന്റെ വാള്‍ സിപിഎം കേരള ഘടകം വിഎസിന് നേരെ വീശിയപ്പോഴും ഇടതുമുന്നണി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാനുമെല്ലാം വിഎസിന് പിന്‍തുണയായി നിന്നിരുന്നത് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ബംഗാള്‍-ത്രിപുര ഘടകങ്ങളായിരുന്നു.

അതുകൊണ്ട് തന്നെ വിഎസിന്റെ നിലപാട് കേരളത്തിലെ സിപിഎം നേതാക്കളും ഇപ്പോള്‍ ഉറ്റുനോക്കുകയാണ്.

സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷത്തിനിടയിലും യെച്ചൂരിക്കും ബംഗാള്‍ ഘടകത്തിലെ നേതാക്കള്‍ക്കുമാണ് കൂടുതല്‍ അടുപ്പമുള്ളത് എന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് ധാരണയ്ക്ക് അന്തിമമായി കേന്ദ്രകമ്മിറ്റി അനുമതി നല്‍കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Top