മതേതര ചേരിയുടെ ബദല്‍ രാഷ്ട്രീയമുയര്‍ത്തി ബംഗാളില്‍ സിപിഎം – കോണ്‍ഗ്രസ് സംഖ്യം?

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ശക്തമായ സൗഹൃദം സ്ഥാപിക്കാനാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കളുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. 2021 ലാണ് പശ്ചിമ ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണ ഉണ്ടായിരുന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ 294 അസംബ്ലി സീറ്റുകളില്‍ 211 ലും തൃണമൂല്‍ ജയിച്ചപ്പോള്‍ 44 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രിന് ലഭിച്ചത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപാര്‍ട്ടികള്‍ക്ക് 32 സീറ്റിലാണ് ജയിക്കാനായത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 18 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ഇതിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. നോര്‍ത്ത് 24 പര്‍ഗ്നാസ് ജില്ലയില്‍ ഈ സംഘര്‍ഷങ്ങള്‍ക്കെതിരെ നടത്തിയ സമാധാന റാലിയില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഒന്നിച്ച് അണിനിരന്നു.

ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസും ബംഗാള്‍ പിസിസി അദ്ധ്യക്ഷന്‍ സോമന്‍ മിത്രയും ഈ വേദിയില്‍ ഒരുമിച്ചിരുന്നു. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരുടെ പ്രതിഷേധത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരേ നിലപാടാണ് കൈക്കൊണ്ടത്. കട്ട് മണി പ്രതിഷേധത്തിലും ഇരുപാര്‍ട്ടികളും ഒന്നിച്ചു നിന്നിരുന്നു.

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ
മതേതര ചേരിയുടെ ബദല്‍ രാഷ്ട്രീയമുയര്‍ത്താനാണ് ശ്രമിക്കുമെന്ന് ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ പറഞ്ഞു.
സംഘര്‍ഷ ബാധിത പ്രദേശമായ ബട്പാരയില്‍ ജൂലൈ 26 ന് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ച് സന്ദര്‍ശനം നടത്തുമെന്ന് സോമന്‍ മിത്ര അറിയിച്ചിട്ടുണ്ട്.

Top