സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പൊലീസ് ലാത്തി വീശി

beat

പാനൂര്‍: മീത്തലെ കുന്നോത്തുപറമ്പില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. പൊലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ ഓടിച്ചു വിട്ടത്.

കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകരായ അനുരാഗ് (18), ദിലീഷ് (35) എന്നിവരെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഒരു സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. ഇവരെ പാനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് സംഘടിക്കുകയായിരുന്നു.

തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുമെന്ന ഘട്ടമെത്തിയതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. തിങ്കളാഴ്ച പുലര്‍ച്ചെയോടെ മീത്തലെ കുന്നോത്തുപറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിനും വായനശാലയ്ക്കും തീയിട്ടിരുന്നു. ഇതിന് പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു.

Top