CPM-congress-Bangal

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷാഭിപ്രായം. യോഗത്തില്‍ സംസാരിച്ച 54 പേരില്‍ 50 പേരും നിര്‍ദേശത്തെ പിന്തുണച്ചു.

മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണെന്നും കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്നുമാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞത്.

എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം കേരളത്തെ ബാധിക്കുമെന്ന് മൂന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും സാന്നിദ്ധ്യത്തിലാണ് ഇന്നലെ ബംഗാള്‍ സംസ്ഥാന സമിതി യോഗം ആരംഭിച്ചത്. ബംഗാള്‍ ഘടകത്തിന്റെ അഭിപ്രായം കേന്ദ്ര നേതൃത്വം പരിഗണിക്കണമെന്ന് നേതാക്കളെ അറിയിച്ചു.

കേരളം പോലെ തന്നെ പ്രധാനമാണ് ബംഗാളും. ബംഗാള്‍ കൈവിട്ട് പോയാല്‍ സിപിഎമ്മിന് അത് ദേശീയ തലത്തില്‍ തന്നെ വലിയ നഷ്ടമായിരിക്കുമെന്നും അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി സഖ്യം അനിവാര്യമാണെന്നുമാണ് ഭൂരിപക്ഷ അംഗങ്ങളുടെയും വികാരം.

കോണ്‍ഗ്രസ് മുന്‍കൈ എടുത്താല്‍ സഖ്യചര്‍ച്ചയാകാമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യംവേണമെന്ന് ബംഗാള്‍ ഘടകം ഇന്നു തീരുമാനിച്ചാലും ചൊവ്വാഴ്ച തുടങ്ങുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിലാകും അന്തിമ തീരുമാനം ഉണ്ടാകുക.

സീതാംറാം യച്ചൂരി ബംഗാള്‍ ഘടകത്തെ അനുകൂലിക്കുമ്പോള്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം അനുസരിച്ച് കോണ്‍ഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന നിലപാടിലാണ് പ്രകാശ് കാരാട്ടും, എസ് രാമചന്ദ്രപിള്ളയും അടക്കമുള്ള ഒരു വിഭാഗം കേന്ദ്രനേതാക്കള്‍.

കോണ്‍ഗ്രസ് സഖ്യത്തിനെതിരെ സംസ്ഥാന സമിതി യോഗം നടക്കുന്ന അലിമുദ്ദീന്‍ സ്ട്രീറ്റിലെ ഓഫിസിനു പുറത്ത് കോണ്‍ഗ്രസുമായുള്ള സഖ്യത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Top