മോഹന്‍കുമാറും എന്‍എസ്എസും ജാതിപറഞ്ഞ് വോട്ടുചോദിക്കുന്നു ; പരാതിയുമായി സിപിഎം

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ കെ.മോഹന്‍കുമാറും എന്‍എസ്എസും ജാതിപറഞ്ഞ് വോട്ടുചോദിക്കുന്നെന്ന് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫിനെ രക്ഷിക്കാനാണ് എന്‍.എസ്.എസ് ശ്രമമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

എന്‍.എസ്.എസ് നേതാക്കളും വനിതാപ്രവര്‍ത്തകരും ജാതി പറഞ്ഞ് വോട്ടുചോദിച്ചു. മോഹന്‍കുമാറിനും എന്‍.എസ്.എസിനും എതിരെ നടപടിയെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്‍.എസ്.എസ് വട്ടിയൂര്‍ക്കാവില്‍ ജാതിവികാരം ഇളക്കിവിടുകയാണെന്നും മതസാമുദായിക സംഘടനകള്‍ ജാതിപറഞ്ഞ് വോട്ടുപിടിക്കരുതെന്നും കോടിയേരി വിമര്‍ശിച്ചു.

നായര്‍ സമുദായത്തെ കൂട്ടുപിടിച്ചും ശബരിമലയില്‍ ഇരട്ടത്താപ്പ് വഴിയും പളളിമേടകളില്‍ കയറിയിറങ്ങിയും യു.ഡി.എഫ് ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദനും പറഞ്ഞു.

സാമുദായിക സംഘടനകളുടെ വിലപേശല്‍ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീം പറഞ്ഞു.

അതേസമയം താന്‍ ജാതി പറഞ്ഞു വോട്ടുചോദിച്ചെന്ന സിപിഎം ആരോപണം കെ.മോഹന്‍കുമാര്‍ നിഷേധിച്ചു. ഇടതുപക്ഷത്തിന്റെ മനോനില തെറ്റിയതിന്റെ സൂചനയാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Top