സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതല്‍ ദില്ലിയില്‍ ആരംഭിക്കും

ദില്ലി: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമരൂപം നല്‍കാന്‍ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് കേന്ദ്ര കമ്മിറ്റി നേരിട്ട് ചേരുന്നത്. ബിജെപിയെ ചെറുക്കാന്‍ ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും.

ഇതടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍, കര്‍ഷക സമരം, ഇന്ധനവിലക്കയറ്റം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള കേരള നേതാക്കള്‍ യോഗത്തിനെത്തും. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തില്‍ വച്ച് ഇരുപതാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നിരുന്നു.

Top