മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യമെമ്പാടും പ്രക്ഷോഭം അലയടിക്കവെ ,വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനായി മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് തുടങ്ങും. തിരുവനന്തപുരം ഇഎംഎസ് അക്കാദമിയിലാണ് യോഗം ചേരുക. മൂന്ന് വര്‍ഷത്തിനുശേഷമാണ് തലസ്ഥാനം കേന്ദ്ര കമ്മിറ്റി യോഗത്തിന് വേദിയാകുന്നത്.

മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുമ്പോള്‍ രണ്ട് പ്രമുഖ നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമാകും. ചികിത്സയിലായതിനാല്‍ വിഎസ് അച്ചുതാനന്ദനും കോടിയേരി ബാലകൃഷ്ണനും യോഗത്തിനുണ്ടാകില്ല.

19ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ മഹാസമ്മേളനം നടക്കും. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പ്രസംഗിക്കും.കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികനയം, അമിതാധികാരം അടിച്ചേല്‍പ്പിക്കല്‍, വര്‍ഗീയത എന്നിവയ്ക്കെതിരെ രാജ്യത്താകെ നടക്കുന്ന സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

Top