പൊന്നാനി, കൊല്ലം, കാസർഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സി.പി.എം അണികളിൽ കടുത്ത അതൃപ്തി

ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതോടെ അണികളിൽ പ്രതിഷേധവും ശക്തമാകുന്നു. പ്രധാനമായും കാസർഗോഡ് , പൊന്നാനി , കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ചൊല്ലിയാണ് പ്രവർത്തകരിലും അനുഭാവികളിലും വ്യാപകമായ പ്രതിഷേധമുയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ 27 ന് നടക്കുന്ന സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ചില മാറ്റങ്ങൾ വരാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും കമ്മറ്റിയും അംഗീകരിച്ച പട്ടികയ്ക്ക് കേന്ദ്ര കമ്മറ്റി അംഗീകാരം നൽകുന്നതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഇതിനു മുൻപ് തന്നെ വ്യാപക പ്രതിഷേധം ഉയർന്ന മണ്ഡലങ്ങളിൽ , സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പുനർവിചിന്തനം വേണമെന്ന അഭിപ്രായം പ്രാദേശിക നേതാക്കളിലും ശക്തമാണ്.

സി.പി.എം ശക്തി കേന്ദ്രമായ കാസർഗോഡ് മണ്ഡലത്തിൽ സംസ്ഥാന നേതൃത്വം തീരുമാനിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ മാറ്റി, പകരം പി.പി.പി മുസ്തഫ , ടി.വി രാജേഷ് , പി.പി ദിവ്യ , വിജു കൃഷ്ണൻ എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കണമെന്ന ആവശ്യമാണ് താഴെ തട്ടിൽ നിന്നും ഉയർന്നു വന്നിരിക്കുന്നത്. ഇക്കാര്യം നേതാക്കൾക്കുമേൽ സമ്മർദ്ദമായും ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്. സി.പി.എം കോട്ടയിൽ വീണ്ടും രാജ് മോഹൻ ഉണ്ണിത്താൻ വിജിയിക്കാൻ ഇടയാക്കുന്നതാണ് , ഇപ്പോഴത്തെ സ്ഥാനാർത്ഥി നിർണ്ണയമെന്നാണ് പ്രവർത്തകരും അനുഭാവികളും തുറന്നടിക്കുന്നത്.

കാസർഗോഡ് ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും അടങ്ങിയ കാസർഗോഡ് ലോകസഭ മണ്ഡലത്തിൽ ജനകീയരും യുവാക്കളുമായ നിരവധി നേതാക്കൾ ഉണ്ടായിട്ടും പാർട്ടി ജില്ലാ സെക്രട്ടറിയെ പരിഗണിച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് ചോദ്യം.

പ്രതിഷേധം ശക്തമായ മറ്റൊരു മണ്ഡലം പൊന്നാനിയിലാണ്. ഇവിടെയും പ്രതിഷേധം പൊട്ടിത്തെറിയുടെ വക്കിലാണ് ഉള്ളത്. ലീഗ് പുറത്താക്കിയ കെ.എസ് ഹംസ ആരുടെ സ്ഥാനാർത്ഥിയാണെന്ന ചോദ്യമാണ് പൊന്നാനിയിൽ നിന്നും ഉയരുന്നത്. സി. പി.എം പി.ബി അംഗമായ എ വിജയരാഘവനെതിരെയാണ് ഇവിടെ പ്രധാനമായും പ്രതിഷേധമുയർന്നിരിക്കുന്നത്.

പൊന്നാനിയിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ട ഡി.വൈ.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷൻ വസീഫിനെ വിജയ സാധ്യത തീരെയില്ലാത്ത മലപ്പുറത്തേക്ക് മാറ്റിയതിലും കടുത്ത രോക്ഷം സിപിഎം അണികൾക്കുണ്ട്. കെ.എസ് ഹംസ വരുന്നതോടെ ലീഗ് കൂടുതൽ ഉഷാറാകുമെന്നും , ഇടതുപക്ഷത്തിൻ്റെ തോൽവി കനത്തതാകുമെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ പൊന്നാനി ലോകസഭ മണ്ഡലത്തിനു കീഴിലെ ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ എം.എൽ എമാരാണ് ഉള്ളത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ , കോട്ടയ്ക്കൽ , തവനൂർ , പൊന്നാനി നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ തൃത്താലയും അടങ്ങിയതാണ് പൊന്നാനി ലോകസഭ മണ്ഡലം. ഇതിൽനിന്നും താനൂർ , തവനൂർ , പൊന്നാനി , തൃത്താല മണ്ഡലങ്ങൾ ഇടതുപക്ഷത്തിന്റെ കൈവശമാണുള്ളത്.

പൊന്നാനിയിൽ വൻ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ചാൽ , ഈ നിലയിലാണ് മാറ്റം വരിക . ഇടതിന്റെ കൈവശമുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷവും പിടിച്ചെടുക്കാൻ ആ വിജയം ലീഗിന് കരുത്താകും.

കെ.ടി ജലീൽ ലീഗ് വിട്ടുവന്നപ്പോൾ അട്ടിമറി വിജയം നേടിയതു പോലെ കെ.എസ് ഹംസയും വിജയിക്കുമെന്ന് വിലയിരുത്തിയ സി.പി.എം നേതൃത്വത്തിന് സാമാന്യ ബുദ്ധി നഷ്ടപ്പെട്ടോ എന്ന ചോദ്യം സി.പി.എം – ഡി.വൈ.എഫ്.ഐ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ ശക്തമാണ്. അതേസമയം കെ.എസ് ഹംസയാണ് സ്ഥാനാർത്ഥിയെങ്കിൽ , സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നാണ് ലീഗ് നേതൃത്വം അവകാശപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം കേവലം പതിനായിരത്തിൽ താഴെ മാത്രം യു.ഡി.എഫിനു ഭൂരിപക്ഷമുള്ള മണ്ഡലമാണ് പൊന്നാനി. അവിടെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റെ വസീഫ് സ്ഥാനാർത്ഥിയായാൽ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് വിലയിരുത്തിയ ലീഗിന് , അപ്രതീക്ഷിതമായി അടിച്ച ‘ലോട്ടറി’ ആയാണ് ഹംസ ഇപ്പോൾ മാറിയിരിക്കുന്നത്.

സി.പി.എം ശക്തി കേന്ദ്രമായ കൊല്ലത്ത് ഇത്തവണയെങ്കിലും ചെങ്കൊടി പാറിക്കുക എന്നത് , സി.പി.എം അണികളുടെ മാത്രമല്ല , മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെയും ആഗ്രഹമാണ്. എന്നാൽ , ആ ആഗ്രഹത്തിന് അനുസരിച്ച ഒരു സ്ഥാനാർത്ഥി നിർണ്ണയമല്ല ഇപ്പോൾ നടന്നിരിക്കുന്നത്.

കൊല്ലം എം.എൽ.എ ആയ നടൻ മുകേഷിനെ മുൻ നിർത്തിയാൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയില്ലന്ന വികാരം കൊല്ലത്തെ ഇടതുപക്ഷ പ്രവർത്തകരിലും ശക്തമാണ്. സി.എസ് സുജാത , സ്വരാജ് എന്നിവരിൽ ആരെയെങ്കിലും പരിഗണിക്കാമായിരുന്നു എന്ന അഭിപ്രായമാണ് , വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തകർ പങ്കു വയ്ക്കുന്നത്.

ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. മണ്ഡല പുനക്രമീകരണത്തിനു മുമ്പ് കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളായിരുന്നു കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാർത്ഥിയായി കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച പ്രേമചന്ദ്രൻ 98ലും ചെങ്കൊടിയുടെ തണലിലാണ് നേട്ടം കൊയ്തിരുന്നത്. 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് സിപിഎം നേതാണ് പി രാജേന്ദ്രനാണ് മത്സരിച്ചിരുന്നത്. അദ്ദേഹം വിജയിക്കുകയും ചെയ്തു. 2004 ലും ഇതേ വിജയം ഇടത്തുപക്ഷം ആവര്‍ത്തിച്ചു. എന്നാൽ, 2009-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എന്‍ പീതാംബര കുറുപ്പിലൂടെ യുഡിഎഫാണ് മണ്ഡലത്തില്‍ നേട്ടം കൊയ്തത്. പിന്നീട് 2014ലും 2019 ലും യു.ഡി.എഫിന്റെ ഭാഗമായി മത്സരിച്ച എന്‍.കെ പ്രേമചന്ദ്രന്‍, ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് വിജയിച്ചിരുന്നത്.

വലതുപക്ഷ പാളയത്തിൽ എത്തി ആർ.എസ്.പിയും പ്രേമചന്ദ്രനും നേടുന്ന ഈ വിജയം , സി.പി.എമ്മിനെ സംബന്ധിച്ച് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ , ഇത്തവണയെങ്കിലും പ്രേമചന്ദ്രനെ വീഴ്ത്തുക എന്നത് സി.പി.എം പ്രവർത്തകരെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. എന്നാൽ , സ്ഥാനാർത്ഥി ആരെന്ന വിവരം പുറത്ത് വന്നതോടെ , ഇടതുപക്ഷ പ്രവർത്തകർക്കും നിലവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ് ഉള്ളത്. എറണാകുളത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിലും സി.പി.എമ്മിനുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. ഹൈബി ഈഡന് വിജയം ഉറപ്പിച്ചു നൽകിയ സ്ഥാനാർത്ഥി നിർണ്ണയമായിപ്പോയെന്നാണ് വിമർശനം.

ഉയർന്നു വരുന്ന ഈ വിമർശനങ്ങൾ, സി.പി.എം കേന്ദ്ര നേതൃത്വം മുഖവിലക്കെടുത്താൽ , ഇപ്പോൾ പുറത്ത് വന്ന സ്ഥാനാർത്ഥി പട്ടികയിൽ ചില മാറ്റങ്ങൾക്കു സാധ്യതയുണ്ട്. തിരുത്തിയില്ലങ്കിൽ , യു.ഡി.എഫിനാണ് ആ നിലപാട് നേട്ടമാകുവാൻ പോകുന്നത്. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

Top