പൗരത്വ നിയമം; സിപിഎമ്മിന്റെ ഭരണഘടനാ സംരക്ഷണ സംഗമം ഇന്ന് കൊച്ചിയില്‍

കൊച്ചി: സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. വൈകിട്ട് അഞ്ചിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായായി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സംഗമത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ കെ ടി ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂരിലെ 104 കേന്ദ്രങ്ങളില്‍ ഭരണഘടനാ സംരക്ഷണ കൂട്ടായ്മകള്‍ നടത്തും. പ്രതിഷേധ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജനുവരി 13ന് തലശേരിയില്‍ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

അതേസമയം, മുസ്ലീംലീഗും പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഈ മാസം 11, 12 തിയതികളില്‍ സംസ്ഥാന വ്യാപകമായി വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. 12 ന് മലപ്പുറം ജില്ലയില്‍ മനുഷ്യ മതില്‍ തീര്‍ക്കും. മുസ്ലീം ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Top