തില്ലങ്കേരിയില്‍ ഇന്ന് സിപിഎം വിശദീകരണയോഗം; പി ജയരാജന്‍ പങ്കെടുക്കും

കണ്ണൂര്‍: പാര്‍ട്ടിക്കെതിരെ ആകാശ് തില്ലങ്കേരിയും സംഘവും പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ തില്ലങ്കേരിയില്‍ സിപിഎമ്മിന്റെ വിശദീകരണ യോഗം ഇന്ന് നടക്കും. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ യോഗത്തില്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണില്‍ നടക്കുന്ന പരിപാടിയില്‍ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും സിപിഎം അനുഭാവികളും പങ്കെടുക്കും.

ഷുഹൈബ് വധത്തില്‍ അടക്കം ആകാശിന്റെയും സംഘത്തിന്റെയും വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് വിശദീകരണ യോഗം. ആകാശ് തില്ലങ്കേരിയും സംഘവും ക്രിമിനലുകള്‍ ആണെന്നും ഇവരുമായി പാര്‍ട്ടിക്ക് ബന്ധം വേണ്ടെന്നുമാണ് സിപിഎം തീരുമാനം. പി ജയരാജനെ അനുകൂലിക്കുന്ന ആകാശിനെയും കൂട്ടരെയും തള്ളിപ്പറയാന്‍ പി ജെ തന്നെ യോഗത്തില്‍ സംബന്ധിക്കണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

ആകാശിന്റെയും കൂട്ടരുടെയും പ്രിയ നേതാവായ പി ജയരാജന്‍ ഇതു വേദിയില്‍ എങ്ങനെ അവതരിപ്പിക്കും എന്നതാണ് അറിയാനുള്ളത്. ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും പി ജയരാജന്‍ പേരെടുത്തു പറഞ്ഞ് തള്ളിപ്പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയപ്രതിരോധ ജാഥ കണ്ണൂരില്‍ എത്തുന്നതിന് മുമ്പ് പ്രശ്‌നം അവസാനിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും തള്ളിപ്പറയാനായി പി ജയരാജനെ തന്നെ രംഗത്തിറക്കുന്നതിന് പിന്നില്‍ ഇ പി ജയരാജനും സംഘവും ആണെന്നും സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയുണ്ട്. പി ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം സജീവ ചര്‍ച്ചയാക്കാനാണ് നീക്കം. ആകാശിനെ പി ജയരാജന്‍ തന്നെ തള്ളിപ്പറയണമെന്ന് ഇവരാണ് വാദിച്ചത്. റിസോര്‍ട്ട് വിവാദം പി ജയരാജന്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചതാണ് പ്രകോപനമെന്നും പി ജയരാജന്‍ അനുകൂലികള്‍ പറയുന്നു.

Top