സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിച്ച് സിപിഎം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ സിപിഎം തീരുമാനം. മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തലിനു പിന്നാലെയാണു നടപടി.

ഈ വിഷയങ്ങളിലെ സംവാദങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ തത്കാലം പങ്കെടുക്കില്ലെന്ന് എകെജി സെന്ററില്‍നിന്നും ചാനലുകളെ അറിയിച്ചു. ചാനല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി പ്രതിനിധികളെ പാര്‍ട്ടി സെന്ററില്‍നിന്നു നിശ്ചയിച്ചു നിയോഗിക്കുന്ന രീതിയാണു സിപിഎം പിന്തുടരുന്നത്. വിവാദ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു വരില്ലെങ്കിലും ചാനലുകളിലെ മറ്റു ചര്‍ച്ചകളില്‍ പങ്കെടുക്കും. ബഹിഷ്‌കരണ തീരുമാനത്തിനുശേഷം നടന്ന ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ക്കു പകരം ഇടത് നിരീക്ഷകരായിരുന്നു പങ്കെടുത്തത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിനു ശേഷം വെള്ളിയാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മാധ്യമങ്ങളുടെ നിലപാട് ജനാധിപത്യത്തിനു ഭീഷണിയാണെന്നുവരെ അദ്ദേഹം പറഞ്ഞുവച്ചു. ഇതിനു പിന്നാലെയാണു ബഹിഷ്‌കരണ തീരുമാനം.

Top