cpm boycott Asianet news editor vinu john’s debate

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റിന്റെ ന്യൂസ് കോര്‍ഡിനേറ്ററുമായ വിനു വി ജോണ്‍ പങ്കെടുക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചര്‍ച്ചകള്‍ സി പി എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും ബഹിഷ്‌ക്കരിച്ചേക്കും.

തുടര്‍ച്ചയായി സി പി എം വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചര്‍ച്ചകള്‍ നിയന്ത്രിക്കേണ്ടയാള്‍ തന്നെ ഏകപക്ഷീയമായി കടന്നാക്രമിക്കുകയും ചെയ്യുന്നത് വകവെച്ച് കൊടുക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് സി പി എം നേതൃത്വം.

ഇതു സംബന്ധമായി എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ നേതൃത്വങ്ങളുമായും പാര്‍ട്ടി നേതൃത്വം ആശയ വിനിമയം നടത്തിയിട്ടുണ്ട്.

വിനു വി ജോണ്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ മേലില്‍ പങ്കെടുക്കേണ്ടതില്ലന്നാണ് പൊതുവികാരമെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്ത് മാധ്യമ പ്രവര്‍ത്തകനാണെന്ന പരിഗണന നല്‍കാതെ കടന്നാക്രമിക്കുകയാണ് ചെയ്യേണ്ടതെന്ന അഭിപ്രായവും ചില നേതാക്കള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉടനെയുണ്ടാകും.

ഏറ്റവും ഒടുവില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനുള്ളില്‍ യുവാവിന് മര്‍ദ്ദനമേറ്റത് സംബന്ധമായി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ നടത്തിയ ചര്‍ച്ചയില്‍ ഏകപക്ഷീയമായ പെരുമാറ്റമാണ് വിനു വി ജോണില്‍ നിന്നുണ്ടായതെന്നാണ് സി പി എമ്മിന്റേയും വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും ആരോപണം.

കേരള അര്‍ണാബ് ഗോസ്വാമിയാകാനാണ് വിനുവിന്റെ ശ്രമമത്രെ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്‍ മത്സരിക്കാന്‍ സാധ്യതയുള്ളത് കൂടി പരിഗണിച്ചാണ് നിലപാട് കടുപ്പിക്കാന്‍ സി പി എം ഇപ്പോള്‍ ഒരുങ്ങുന്നത്.

ഇരകളാക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട് ചാനല്‍ സ്റ്റുഡിയോയില്‍ വന്നിരുന്ന വിദ്യാര്‍ത്ഥിനികളെ ഏകപക്ഷീയമായി വിനു വി ജോണ്‍ ന്യായീകരിക്കുകയും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന് മറുപടി നല്‍കാന്‍ ആവശ്യമായ സമയം പോലും നല്‍കിയില്ലന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

മര്‍ദ്ദനമേറ്റു എന്ന് പറയുന്ന സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്ത് പറയാന്‍ കൊള്ളാത്തതായതുകൊണ്ടാണ് ആ കാര്യത്തിലേക്ക് കൂടുതല്‍ കടക്കാതിരുന്നതെന്നാണ് എസ്എഫ്‌ഐ നേതാക്കളുടെ വാദം.

Top