സീതാറാം യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം തടഞ്ഞ് സിപിഎം; ഇത് രണ്ടാം വട്ടം!

മൂന്നാം വട്ടം രാജ്യസഭാ അംഗമാകാനുള്ള സീതാറാം യെച്ചൂരിയുടെ ശ്രമങ്ങള്‍ രണ്ടാം വട്ടവും തടഞ്ഞ് സിപിഎം! ഫെബ്രുവരി 6ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ യെച്ചൂരിയെ പശ്ചിമ ബംഗാളില്‍ നിന്നും നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കേണ്ടെന്ന് തീരുമാനം കൈക്കൊണ്ടിരുന്നു. രാഷ്ട്രീയ പ്രേരണകളും, രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി നയവുമാണ് സീതാറാം യെച്ചൂരിക്ക് വിനയായത്.

കോണ്‍ഗ്രസിന്റെ സഹായത്തോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയില്‍ വിജയിപ്പിക്കാനാണ് നീക്കങ്ങള്‍ നടന്നത്. എന്നാല്‍ സിപിഎം പൊളിറ്റ്ബ്യൂറോയില്‍ ശക്തമായ കേരളാഘടകമാണ് ഇതിന് തടയിട്ടത്. പശ്ചിമ ബംഗാള്‍ ഘടകം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് മത്സരിക്കേണ്ടെന്ന പാര്‍ട്ടി നയമാണ് ഇതിന് കാരണമായതെന്ന് ഒരു മുതിര്‍ന്ന നേതാവ് ഇന്ത്യാ ടുഡെയോട് വെളിപ്പെടുത്തി.

കൂടാതെ രണ്ട് തവണയില്‍ കൂടുതല്‍ ഒരേ നേതാവിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന പതിവും പാര്‍ട്ടിക്കില്ല. 2005 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായിരുന്നു. 2017ല്‍ ഈ കാലാവധി അവസാനിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ സിപിഎം ഭരണം മമതാ ബാനര്‍ജി പിടിച്ചെടുത്ത അവസരത്തിലായിരുന്നിട്ടും ഓഫര്‍ സിപിഎം നിരാകരിച്ചു.

പശ്ചിമ ബംഗാളില്‍ തൃണമൂലിനെ കൂടാതെ കോണ്‍ഗ്രസിനെയും പാര്‍ട്ടി നേരിടുന്നുവെന്ന നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടി നയങ്ങളും, നിലപാടുകളും ചൂണ്ടിക്കാണിച്ച് യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം തടഞ്ഞതിനെ ന്യായീകരിക്കുന്നതിനൊപ്പം പാര്‍ട്ടിയിലെ എതിര്‍ വിഭാഗമാണ് യെച്ചൂരിയുടെ വഴിതടയുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാര്‍ച്ച് 26നാണ് പശ്ചിമ ബംഗാളില്‍ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. 1964ന് ശേഷം ഇതാദ്യമായാണ് രാജ്യസഭയില്‍ പശ്ചിമ ബംഗാളില്‍ നിന്നും സിപിഎം സാന്നിധ്യം ഇല്ലാതാകുന്നത്.

Top