സൈമണ്‍ ബ്രിട്ടോയുടെ മരണം; ദുരൂഹത നീക്കണമെന്ന് കെ.സുരേന്ദ്രന്‍

K Surendran

കോഴിക്കോട്: സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ ഉയരുന്ന ദുരൂഹത നീക്കണമെന്ന ആവശ്യമുന്നയിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്.

സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യയും ചികിത്സിച്ച ഡോക്ടറും ഉന്നയിച്ച സംശയങ്ങള്‍ ഗൗരവപൂര്‍വം കാണേണ്ടതാണെന്നും അവസാന സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരുടെ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കാര്‍ കൈവശപ്പെടുത്തിയതുമെല്ലാം സംശയം ഉളവാക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സൈമണ്‍ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ പത്‌നിയും ചികിത്സിച്ച ഡോക്ടറും ഉന്നയിച്ച സംശയങ്ങള്‍ ഗൗരവപൂര്‍വം കാണേണ്ടതാണ്. അദ്ദേഹത്തോടൊപ്പം അവസാനസമയത്തുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കാര്‍ കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണ്. തീവ്രവാദികളാല്‍ കൊല്ലപ്പെട്ട എസ്. എഫ്. ഐ നേതാവ് അഭിമന്യുവിന്റെ കേസ്സന്വേഷണത്തിലെ പിഴവുകളെ സംബന്ധിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ അഭിമന്യുവിനെ ചുമതലപ്പെടുത്തിയതായുമുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു. അവസാനകാലത്ത് ബ്രിട്ടോ ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളില്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു.പ്രതികൂല പരിതസ്ഥിതിയോടു പൊരുതി പൊതുരംഗത്ത് നിത്യവിസ്മയമായി വിരാജിച്ച ബ്രിട്ടോ കേരളത്തിന്റെ ഒരു പൊതുസ്വത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം.

Top