കൊട്ടിക്കലാശത്തിനിടെ കല്ലേറ്; തിരുവല്ലയില്‍ പൊലീസുകാരന് പരിക്ക്

തിരുവല്ല:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊട്ടിക്കലാശത്തില്‍ സംഘര്‍ഷം. കൊട്ടിക്കലാശത്തിനിടെ തിരുവല്ലയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ് നടന്നു.

കല്ലേറിനിടെ സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണികൃഷ്ണന് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചതോടെ സംഘര്‍ഷം വഷളായില്ല. നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഇരുഭാഗത്തേക്കും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്.

കൊട്ടിക്കലാശത്തിനിടെ വടകരയിലും പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉടലെടുത്തു. കൊട്ടിക്കലാശത്തിനായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.

Top