മുൻ പാർട്ടി നേതാവിന്റെ മകനിപ്പോൾ സി.പി.എമ്മിന്റെ കൊടും ശത്രു ! !

തിരുവനന്തപുരം: പ്രമുഖ മാർക്സിസ്റ്റ് സൈധാന്തികനായ പി.ഗോവിന്ദപിള്ളയുടെ മകൻ ഇന്ന് സി.പി.എമ്മിന്റെ ശത്രു. ഏഷ്യാനെറ്റ് എഡിറ്റർ കൂടിയായ എം.ജി രാധാകൃഷ്ണനെതിരെ രൂക്ഷമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരിക്കുന്നത്.ചാനൽ ചർച്ചകളിലെ ഏഷ്യാനെറ്റിന്റെ നിലപാടുകൾ മൂലം നിലവിൽ സി.പി.എം ചാനൽ ബഹിഷ്ക്കരണം തുടരുകയാണ്. ഇതിന് ഏഷ്യാനെറ്റ് എഡിറ്റർ നൽകിയ മറുപടിയാണ് സി.പി.എമ്മിനെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുന്നത്.

പൊതുയിടങ്ങളുടെ വാതായനമാണ് മാധ്യമങ്ങളെന്നും, പക്ഷേ, തുറന്ന സംവാദങ്ങള്‍ നടക്കേണ്ട പൊതുയിടങ്ങളെ അടഞ്ഞ ജാലിയന്‍ വാലാബാഗുകളാക്കാന്‍ വാര്‍ത്താ ചാനലുകള്‍ പരിശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചിട്ടുണ്ട്. എന്തെങ്കിലും സ്വയംവിമര്‍ശനം നടത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുന്നതിനു പകരം സിപിഐ എമ്മിനെതിരെയുള്ള കലിതുള്ളലുമായി ഏഷ്യാനെറ്റ് എഡിറ്റര്‍ ഇറങ്ങിയത് അപക്വ നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരറിയാനുള്ള മൗലികാവകാശം പൗരനുണ്ട്. അത് നിഷേധിക്കുന്നതാകരുത് ചാനല്‍ സംവാദം. വ്യാജവാര്‍ത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനല്‍ ചര്‍ച്ചകളെ അധഃപതിപ്പിക്കരുത്. ഇതൊക്കെ ചെയ്തശേഷവും ഞങ്ങളുടെ ചാനല്‍ നിഷ്പക്ഷമാണ് എന്നുള്ള ഏഷ്യാനെറ്റ് ചാനല്‍ എഡിറ്ററുടെ വിളിച്ചുപറയല്‍ അപഹാസ്യമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. രാത്രികാല ചര്‍ച്ചകളെ യുഡിഎഫ് – ബിജെപി അജന്‍ഡ നടപ്പാക്കാനുള്ള ആസൂത്രിതവേദിയാക്കി ഈ ചാനല്‍ മാറ്റിയിരിക്കുകയാണ്.

സിപിഐ എം പ്രതിനിധികള്‍ വിട്ടുനില്‍ക്കാനുള്ള തീരുമാനം പ്രാകൃതമാണെന്നാണ് ചാനല്‍ എഡിറ്ററുടെ പക്ഷം. ഭരണ പാര്‍ട്ടിയുടെ പ്രതിനിധിയോട് ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് അദ്ദേഹം പറയുന്നതു കേട്ടു. ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഉത്തരം പറയാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് കാട്ടാളത്തമെന്നും കോടിയേരി തുറന്നടിച്ചു. യേശുവിനെ വിചാരണ ചെയ്ത പീലാത്തോസ് പോലും മറുപടി കേള്‍ക്കാന്‍ സാവകാശം നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനുമെതിരെ വീരശൂര പരാക്രമം കാട്ടുന്ന ഇക്കൂട്ടര്‍ എന്തേ, മോഡി സര്‍ക്കാരിനും ബിജെപിക്കുമെതിരെ ചോദ്യമൊന്നും ഉയര്‍ത്തുന്നില്ലന്നും ചോദിച്ച അദ്ദേഹം, അപ്പോള്‍ വിഗ്രഹഭഞ്ജനം ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ചര്‍ച്ചകളില്‍ അവതാരകര്‍ക്ക് ഒരര്‍ഥത്തില്‍ റഫറിയുടെ റോളാണ്. എന്നാല്‍, റഫറി ഗോളടിക്കുക എന്നത് ഇത്തരം ചാനലുകള്‍ ഒരു നയമാക്കി മാറ്റിയിരിക്കുകയാണ്. അതിനാല്‍ അവതാരകരോടല്ല, അവരെ ഗോളടിക്കുന്ന റഫറിമാരാക്കിയിരിക്കുന്നവരുടെ നയമാണ് തുറന്നുകാട്ടപ്പെടുന്നത്. ഡല്‍ഹി കലാപത്തിലെ റിപ്പോര്‍ട്ടിങ്ങിന് സംപ്രേഷണ വിലക്കുവന്ന കാര്യം ഏഷ്യാനെറ്റ് പ്രതിനിധി നിഷ്പക്ഷതയ്ക്ക് തെളിവായി സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ആ റിപ്പോര്‍ട്ടില്‍ മോഡി സര്‍ക്കാരിനോട് മാപ്പിരന്നതുകൊണ്ടാണ് കാര്യങ്ങള്‍ സമവായത്തിലായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞ കാര്യവും മറന്ന് പോകരുത്.

ബിജെപിയുടെ പാര്‍ലമെന്റംഗത്തിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ എല്‍ഡിഎഫ് വിരുദ്ധത രാഷ്ട്രീയനയമായി സ്വീകരിച്ചിരിക്കുന്നതിൽ ആശ്ചര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ച്. ഇത്തരം നയം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നിട്ടും നിഷ്പക്ഷതയുടെ മുഖംമൂടി അണിയുന്നതാണ് കപടത. അത് ജനങ്ങളോടു പറയാനുള്ള അവകാശം ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനുണ്ട്. അത് ജനാധിപത്യം അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്.

നാലുപേരെ സംഘടിപ്പിച്ച് ചര്‍ച്ച നടത്തുമ്പോള്‍ മൂന്നുപേരും അവതാരകരും ചേര്‍ന്ന് എല്‍ഡിഎഫ് വിരുദ്ധ രാവണന്‍കോട്ട തീര്‍ക്കുന്നു. എന്നിട്ടവര്‍ വാദങ്ങളും ചോദ്യങ്ങളുമായി കെട്ടിയുയര്‍ത്തുന്ന വ്യാജകഥകളെ പൊളിക്കാന്‍ സിപിഐ എം പ്രതിനിധി സംസാരിക്കാന്‍ തുടങ്ങുമ്പോഴേ അവതാരകര്‍ ഇടപെടുകയോ മൈക്ക് ഓഫ് ചെയ്യുകയോ ചെയ്യുന്നു. ഇങ്ങനെ സിപിഐ എം പ്രതിനിധികളുടെ നാവിന് കത്രികപ്പൂട്ട് ഇടാന്‍ നോക്കുന്നു. ഇത്തരം സംവാദങ്ങള്‍ ജനാധിപത്യ മര്യാദകളുടെ പൂര്‍ണ ലംഘനമാണ്. ഇതിനാലാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയുടെ രാഷ്ട്രീയ ഗൂഢലക്ഷ്യം വെളിപ്പെടുത്തുന്നതിന് സിപിഐ എം പ്രതിനിധികള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ എന്തെങ്കിലും സ്വയംവിമര്‍ശനം നടത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുന്നതിനു പകരം സിപിഐ എമ്മിനെതിരെയുള്ള കലിതുള്ളലുമായി ഏഷ്യാനെറ്റ് പത്രാധിപര്‍ ഇറങ്ങിയത് അപക്വ നടപടിയാണെന്നും കോടിയേരി പറയുന്നു.

Top