ആ ഫോണ്‍ സംഭാഷണത്തില്‍ എവിടെയാണ് ഞാന്‍ ഭീഷണിപ്പെടുത്തിയത്: സക്കീര്‍ ഹുസൈന്‍

കൊച്ചി: എസ്ഐയെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. കളമശേരി എസ്.ഐ അമൃത് രംഗനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എവിടെയാണ് താന്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതെന്ന് കുറ്റപ്പെടുത്തുന്നവര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സക്കീര്‍ ഹുസൈന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് എസ്.ഐക്കെതിരെ പരാതി നല്‍കുമെന്ന് അറിയിച്ച് സക്കീര്‍ ഹുസൈന്‍ പ്രതികരണവുമായി വന്നത്. കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം കോള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ലെന്നായിരുന്നു ബല്‍റാം അഭിപ്രായപ്പെട്ടത്.

ഒരു പൊതുപ്രവര്‍ത്തകന്‍ എസ്.ഐയെ വിളിച്ച് സംസാരിക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമല്ലെന്നും അങ്ങനെ വിളിച്ചു സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് അത് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നതും പരസ്യമാക്കുന്നതും ഗുരുതരമായ തെറ്റാണെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

കുസാറ്റിലെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്.ഐയെ വിളിച്ചത്. മര്യാദയോടെയാണ് സംസാരിച്ചത്. എസ്.ഐയുടെ ഭാഗത്തുനിന്നാണ് പ്രകോപനമുണ്ടായത്. എസ്.ഐ മനപ്പൂര്‍വ്വം തന്നെ പ്രകോപിപ്പിച്ച് ഫോണ്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് എസ്.ഐയുടെ സ്ഥിരം പരിപാടിയാണെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു.

കഴിഞ്ഞദിവസം കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒരുവിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്.എഫ്.ഐ ജില്ലാ നേതാവ് അമലിനെ എസ്.ഐ അമൃതരംഗന്‍ പിടിച്ചുമാറ്റുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് സക്കീര്‍ ഹുസൈന്‍ എസ്.ഐയെ വിളിച്ചത്. എന്നാല്‍, താന്‍ ടെസ്റ്റ് എഴുതിയിട്ടാണ് ഈ യൂണിഫോം എടുത്തിട്ടതെന്നതുള്‍പ്പെടെയുള്ള പഞ്ച് ഡയലോഗുകളടങ്ങിയ ഫോണ്‍സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

Top