ഏരിയാ സെക്രട്ടറിക്ക് ബാങ്കിൽ നോക്കുകൂലി, പരാതിക്കാർക്ക് കിട്ടിയത് സി.പി.എം നോട്ടീസ് !

cpm

മലപ്പുറം:ബാങ്ക് ജീവനക്കാരനായ സി.പി.എം ഏരിയാ സെക്രട്ടറി ജോലിചെയ്യാതെ ശമ്പളം പറ്റിയതടക്കമുള്ള അഴിമതികള്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിന് പരാതിക്കാരനടക്കം മൂന്നു പേര്‍ക്കെതിരെ സി.പി.എം ചോക്കാട് ലോക്കല്‍ കമ്മിറ്റി വീശദീകരണം തേടി.

സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്കായിട്ടും ജോലിക്കെത്താതെ ബിനാമി ജോലിക്കാരിയെവെച്ച് രണ്ടു വര്‍ഷമായി ശമ്പളം പറ്റിയെന്നായിരുന്നു പ്രധാനപരാതി. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കുകയും ഹൈക്കോടതിയില്‍ കേസുകൊടുക്കുകയും ചെയ്ത മുന്‍ ബാങ്ക് ഡയറക്ടര്‍ എം. സലാഹുദ്ദീന്‍, മുന്‍ എസ്.ഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും ബാങ്ക് ജീവനക്കാരന്‍ കൂടിയായ പന്നിക്കോട്ട് ബ്രാഞ്ച് സെക്രട്ടറി ജിഷാല്‍, ബ്രാഞ്ച് കമ്മിറ്റി അംഗവും നിലവിലെ ഡയറക്ടറുമായ എം.കെ അഹമ്മദ്കുട്ടി എിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ ഏഴുദിവസത്തിനകം കാരണം ബോധിപ്പിക്കണമൊവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചോക്കാട് സഹകരണ ബാങ്ക് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരായി നല്‍കിയ പരാതിയും ഹൈക്കോടതിയിലെ കേസും പിന്‍വലിക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചു. സഹകരണവകുപ്പിന്റെ ഹിയറിങ്ങില്‍ ഹാജരാകരുതെന്ന പാര്‍ട്ടി വിലക്ക് ലംഘിച്ചു. ബാങ്ക് ജീവനക്കാരനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്.

അഴിമതിക്കെതിരെ ഹൈക്കോടതിയിലെ കേസ് പിന്‍വലിപ്പിക്കാന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയും അത് പാര്‍ട്ടി ഓഫീസില്‍ വിളിച്ച് വരുത്തി അറിയിച്ചിട്ടും അംഗീകരിക്കാതിരുന്നത് ഗുരുതര അച്ചടക്കലംഘനമായാണ് ചൂണ്ടികാട്ടിയിരിക്കുന്നത്.
ബാങ്കിലെ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലിചെയ്യുന്ന ഏരിയാ സെക്രട്ടറി പത്മാക്ഷന്‍ അവധിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പകരം താല്‍ക്കാലിക ജീവനക്കാരിയെ നിയോഗിച്ചാണ് 2015 മുതല്‍ രണ്ടു വര്‍ഷം ശമ്പളം ഒപ്പിട്ടെടുത്തത്.

ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായപ്പോള്‍ അവധിയില്‍ പ്രവേശിക്കുകയും വീണ്ടും സി.പി.എം ഭരണത്തിലായപ്പോള്‍ ജോലിക്കെത്താതെ ശമ്പളം കൈപ്പറ്റുകയും ചെയ്തു. ഇത് പരാതിയായപ്പോള്‍ 2017 ഫെബ്രുവരി രണ്ടുമുതല്‍ പത്മാക്ഷന്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ജോലിയെടുക്കാതെ കൈപ്പറ്റിയ ശമ്പളം തിരിച്ചടക്കാനുള്ള ഒരു നടപടിയും ഉണ്ടായില്ല. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പാര്‍ട്ടി ശമ്പളത്തിനു പുറമെയാണ് ബാങ്ക് ജീവനക്കാരന്റെ ശമ്പളവും ഏരിയാ സെക്രട്ടറി കൈപ്പറ്റിയത്.

ഇതിനു പുറമെ സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ ഓണറേറിയം കൈപ്പറ്റുന്ന ബാങ്ക് പ്രസിഡന്റു തന്നെ കമ്മീഷന്‍ പറ്റുന്ന പെന്‍ഷന്‍ വിതരണക്കാരനായി. മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും പെന്‍ഷന്‍ പണം വിതരണം ചെയ്യാതെ കൈവശംവെച്ചു. വിവാദമായപ്പോള്‍ തിരിച്ചടച്ചു. ബാങ്ക് നിയമാവലിക്ക് വിരുദ്ധമായി വൈസ് ചെയര്‍മാനെ തിരഞ്ഞെടുത്തില്ല. വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടത്തി എന്നീ ഗുരുതരമായ ക്രമക്കേടുകളാണ് ബാങ്കിനെതിരെ മുന്‍ ബാങ്ക് ഡയറക്ടര്‍കൂടിയായ സലാവുദ്ദീന്റെ പരാതിയിലുള്ളത്.

Top