ഷഹീൻബാഗ് ഒഴിപ്പിക്കൽ;തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീംകോടതിയിൽ

ഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ബാഗ് ഒഴിപ്പിക്കല്‍ തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സുപ്രീംകോടതിയെ സമീപിച്ചു. സി.പി.എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ.എം.തിവാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചട്ടപ്രകാരമുളള നോട്ടീസ് പോലും നല്‍കാതെയാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് ഹര്‍ജിയില്‍ സി.പി.എം സെക്രട്ടറി ആരോപിച്ചിട്ടുണ്ട്.

പാവപ്പെട്ടവരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് കെ.എം.തിവാരി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ അനധികൃതമല്ലെന്ന് തെളിയിക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി ഭരണഘടന വിരുദ്ധവും സ്വാഭാവിക നീതി നിഷേധിക്കലുമാണ്. കഴിഞ്ഞ ദിവസം സംഘംവിഹാറില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത് അനധികൃതമായാണന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ സി.പി.എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ഇതിനോടൊപ്പം കെ.എം.തിവാരി നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയുടെ മുന്നില്‍ എത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

Top