പൗരത്വ രജിസ്റ്റർ; കോൺഗ്രസ്സ് വെട്ടിലായി, നിലപാടിൽ വ്യക്തത സി.പി.എമ്മിന് മാത്രം

വസരവാദികളുടെ കൂട്ടമാണിപ്പോള്‍ കോണ്‍ഗ്രസ്സ്, വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നുമാണ് അവരുടെ മുഖ്യ അജണ്ട. അത് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന രേഖകള്‍.

ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് മുന്‍ യു.പി.എ സര്‍ക്കാര്‍ 2012-ല്‍ വ്യക്തമാക്കിയതിന്റെ രേഖകളാണിപ്പോള്‍ പുറത്തായിരിക്കുന്നത്. അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ് ലോകസഭയില്‍ വ്യക്തമാക്കിയ കാര്യങ്ങളാണ് പുറത്തായിരിക്കുന്നത്.

ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതിനു പിന്നാലെ എന്‍.ആര്‍.സി എന്നൊരു ആശയം തങ്ങള്‍ക്കില്ലായിരുന്നു എന്നാണ് കോണ്‍ഗ്രസ്സ് വാദിച്ചിരുന്നത്.

ഈ പച്ചക്കള്ളമാണിപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. മുസ്ലീംലീഗ് മന്ത്രി കൂടി ഉണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് ലീഗും മറുപടി പറയേണ്ടതുണ്ട്.

സമുദായ സ്‌നേഹത്തെ കുറിച്ച് ഇനി മുസ്ലീം ലീഗ് മിണ്ടിപ്പോകരുത്. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയുന്ന തിരക്കില്‍ നിങ്ങള്‍ കാണാതെ പോയതാണ് ഇതെല്ലാം. അതല്ലങ്കില്‍ ബോധപൂര്‍വ്വം ഇക്കാര്യം മറച്ചു വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാന്‍ ഇനി ഈ രണ്ട് പാര്‍ട്ടികള്‍ക്കും അവകാശമില്ല. യു.പി.എ മുന്നണിയിലെ ഒരു ഘടകകക്ഷിക്കും ധാര്‍മ്മികമായി ഇനി അതിനു കഴിയുകയുമില്ല.

സംയുക്ത പ്രക്ഷോഭത്തിന് പിണറായി സര്‍ക്കാര്‍ കൈ നീട്ടിയപ്പോള്‍ അത് തിരസ്‌ക്കരിച്ച മുല്ലപ്പള്ളിക്ക് എന്തായാലും കാര്യങ്ങളുടെ കിടപ്പ് അറിയാം. തങ്ങള്‍ ആഗ്രഹിച്ചത് തന്നെയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്ന തിരിച്ചറിവിലാണ് ഈ പിന്‍മാറ്റം.

അങ്ങനെയല്ല കാര്യങ്ങളെന്ന് ബോധ്യപ്പെടുത്താന്‍ പേരിന് ചില സമരങ്ങള്‍ നടത്തി ജനങ്ങളെ വിഡ്ഢികളാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുത്. ആ ഉദ്ദേശം എന്തായാലും കേരളത്തില്‍ നടപ്പുള്ള കാര്യമല്ല.

ഇവിടെ സെക്യുലര്‍ പാര്‍ട്ടി എന്നറിയപ്പെടുന്ന കോണ്‍ഗ്രസ്സ് തന്നെയാണ് നിലപാടില്‍ വെള്ളം ചേര്‍ത്തിരിക്കുന്നത്.

കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്ക് പോലും കഴിയുകയില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് ആദ്യം തന്നെ വ്യക്തമാക്കിയിരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലന്ന് തുറന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

മമത ബംഗാളില്‍ മുഴക്കുന്ന വീര വാദമല്ല, മറിച്ച്, പറഞ്ഞത് നടപ്പാക്കുമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ആ വാക്കുകളില്‍ പ്രകടമായിരിക്കുന്നത്. ഈ നിലപാടിനെതിരെ അമിത് ഷാ മുതല്‍ ഇപ്പോള്‍ ബി. ഗോപാലകൃഷ്ണന്‍ വരെ രംഗത്ത് വന്നിട്ടുണ്ട്.

ഈ നിയമം നടപ്പാക്കിയില്ലങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലന്നാണ് ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലന്ന വ്യക്തമായ മറുപടിയാണ് സി.പി.എം നല്‍കിയിരിക്കുന്നത്.

കേന്ദ്ര ഭരണം ഉപയോഗിച്ച് കേരള സര്‍ക്കാറിനെ പിരിച്ച് വിട്ടാലും വേണ്ടില്ല നിലപാട് മാറ്റേണ്ടതില്ലന്നതാണ് ചെമ്പടയുടെ തീരുമാനം.

മാസ് എന്നൊക്കെ പറയുന്നത് ഇത്തരം ചങ്കുറപ്പുള്ള നിലപാടിനെയാണ്. ബഹു ഭൂരിപക്ഷം വരുന്ന ഹൈന്ദവ വോട്ടിന്റെ കരുത്തിനാല്‍ വിജയിച്ച പാര്‍ട്ടിയാണ് പൗരത്വ നിയമത്തില്‍ കടുപ്പിച്ചിരിക്കുന്നത്. ഇക്കാര്യം മുസ്ലീംലീഗ് നേതൃത്വവും ഓര്‍ക്കുന്നത് നല്ലതാണ്.

കമ്യൂണിസ്റ്റുകള്‍ക്കു മാത്രമാണ് ഇത്തരത്തില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയൊള്ളൂ. അതാണ് മുന്‍കാല ചരിത്രവും.

ജാതിക്കും മതത്തിനും അപ്പുറം മനുഷ്യരുടെ പട്ടിണിയും വേദനയും കാണുന്നതാണ് കമ്യൂണിസ്റ്റ് പ്രത്യായ ശാസ്ത്രം. അവിടെ മറ്റൊരു വേര്‍തിരുവുകള്‍ക്കും സ്ഥാനമില്ല.

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം. ജനരോഷത്തെ വഴിതിരിച്ച് വിടാനാണ് ധൃതിപ്പെട്ട് കരിനിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

രാജ്യം ഇപ്പോള്‍ നേരിടുന്നത് അസാധാരണ മാന്ദ്യത്തെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുന്നത് പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണ്.

മാന്ദ്യം മറികടക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സുബ്രഹ്മണ്യന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് മാന്ദ്യത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും തൊഴില്‍, സാധാരണക്കാരന്റെ വരുമാനം, വേതനം, സര്‍ക്കാരിന്റെ വരുമാനം എന്നിവയൊക്കെ പിന്നോട്ടാണെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്. അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ജിഡിപി നിരക്കുകളിലും അദ്ദേഹം സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.

മുമ്പ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തെ നേരിട്ടപ്പോള്‍ ജിഡിപി 4.5 ശതമാനത്തിന് അടുത്തായിരുന്നെങ്കിലും, കയറ്റുമതി കണക്കുകള്‍, ഉപഭോക്തൃ വസ്തു കണക്കുകള്‍, നികുതി വരുമാന കണക്കുകള്‍ എന്നിവയിലൊക്കെ പോസിറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സൂചകങ്ങള്‍ ഇപ്പോള്‍ നെഗറ്റീവോ തീരെ വളര്‍ച്ചയില്ലാത്ത അവസ്ഥയിലോ ആണുള്ളത്. അതുകൊണ്ടു തന്നെ ഇത് സാധാരണ മാന്ദ്യമല്ലെന്നും അസാധാരണ സാഹചര്യമാണെന്നുമാണ് അരവിന്ദ് സുബ്രഹ്മണ്യം പറയുന്നത്.

ഇടത് പക്ഷ സഘടനകള്‍ പറയുന്നതും ഇതുതന്നെയാണ്. ഈ സാഹചര്യത്തിലാണ് പൗരത്വ ഭേഗദതി നിയമത്തെയും സംശയത്തോടെ ഇടത് പക്ഷം വീക്ഷിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിനെതിരെ അവസാനം വരെ പോരാടാന്‍ തന്നെയാണ് ചെമ്പടയുടെ തീരുമാനം.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി എത്രനാള്‍ പിണറായി സര്‍ക്കാര്‍ എന്ന ചോദ്യവും പ്രസക്തമാണ്.

ഈ ഭയം ഉള്ളത് കൊണ്ടു കൂടിയാണ് കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉറച്ച ഒരു തീരുമാനമെടുക്കാതിരിക്കുന്നത്. ഇപ്പോള്‍ കേന്ദ്രത്തെ എതിര്‍ക്കുന്നവര്‍ പോലും നിലപാട് മാറ്റാനും സാധ്യത ഏറെയാണ്.

പൗരത്വ ദേദഗതി നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ കേരള, ബംഗാള്‍ സര്‍ക്കാറുകളെ ഒരു പക്ഷേ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടേക്കും.

പിരിച്ചുവിട്ട് ആറു മാസം ഗവര്‍ണ്ണര്‍ ഭരിച്ചാലും വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വരും.അത്തരമൊരു സാഹചര്യത്തില്‍ കേരളം തൂത്ത് വാരാന്‍ ഇടതുപക്ഷത്തിന് എളുപ്പത്തില്‍ കഴിയുകയും ചെയ്യും.

ആര്‍.എസ്.എസ്. അജണ്ടയാണ് ഓരോന്നായി മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. അടുത്തതായി കേന്ദ്രത്തിന്റെ അജണ്ടയിലുള്ളത് ഏകീകൃത സിവില്‍ കോഡാണ്.

ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞിരിക്കുന്നത്. ഹൈദരാബാദിലെ സരൂര്‍നഗറില്‍ നടന്ന ആര്‍എസ്എസ് വിജയ സങ്കല്‍പ് ത്രിദിന ശിബിരത്തില്‍ വെച്ചായിരുന്നു ഈ പ്രസ്താവന.

മതം, ഭാഷ എന്നിവക്കതീതമായി ഭാരതമാതാവിന്റെ മക്കളാണ് എന്നതു തന്നെയാണ് അടിസ്ഥാന സങ്കല്‍പമെന്നും ഭാഗവത് വ്യക്തമാക്കിയിട്ടുണ്ട്. ഈ നാട് പരമ്പരഗതമായിത്തന്നെ ഹിന്ദുത്വവാദികളുടേതാണെന്നാണ് ആര്‍.എസ്.എസ് മേധാവി അവകാശപ്പെടുന്നത്.

സംഘപരിവാര്‍ അതിന്റെ അജണ്ടകള്‍ക്ക് ഇങ്ങനെ കൂടുതല്‍ മൂര്‍ച്ചയേകുമ്പോള്‍ ഇവിടെ ആശങ്കയിലാകുന്നത് ന്യൂനപക്ഷ വിഭാഗങ്ങളാണ്. മതേതര ഇന്ത്യ എന്ന സങ്കല്‍പ്പം തന്നെ നഷ്ടമാകുമോ എന്ന ഭീതിയും ഇപ്പോള്‍ ശരിക്കും പ്രകടമാണ്.

Political Repoter

Top