അമ്മയുടെ യോഗത്തില്‍ എംഎല്‍എമാരുടെ നിലപാട് ; അമര്‍ഷവുമായി ഇടതും വലതും

കോട്ടയം: താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇടതുപക്ഷ എംഎല്‍എമാരായ കെ.ബി.ഗണേഷ്‌കുമാര്‍, മുകേഷ് എന്നിവര്‍ സൃഷ്ടിച്ച വിവാദത്തില്‍ ഇടതുപക്ഷത്ത് അമര്‍ഷം.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഉത്തരവാദിത്വപെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഇരുവരും പ്രതികരിക്കേണ്ട രീതിയിലല്ല പെരുമാറിയതെന്ന നിരീക്ഷണമാണ് ഇടത് കേന്ദ്രങ്ങള്‍ക്കുള്ളത്.

മുകേഷിന്റെ പെരുമാറ്റം പക്വമല്ലായിരുന്നുവെന്നും വിഷയത്തില്‍ എംഎല്‍എയോട് വിശദീകരണം ചോദിക്കാനും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു. നഗരത്തില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷും ഗണേഷും ജനപ്രതിനിധികളുടെ അന്തസിടിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.

Top