വെള്ളാപ്പള്ളി തല മുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ തയ്യാറായിക്കോ; പരിഹസിച്ച് എ.എ. ഷുക്കൂര്‍

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎമ്മിന്റെ എ.എം. ആരീഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍.

വെള്ളാപ്പള്ളി തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ തയ്യാറായിക്കോ എന്നാണ് അദ്ദേഹം പറഞ്ഞത്. വെള്ളാപ്പള്ളി സംസാരിക്കുന്നത് സിപിഎമ്മുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും കോണ്‍ഗ്രസിനെ അടച്ചാക്ഷേപിച്ചതിന്റെ മുന്‍ അനുഭവം വെള്ളാപ്പള്ളി മറക്കേണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു.

ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ വെല്ലുവിളി നടത്തിയിരുന്നു. പരാജയപ്പെടുമെന്ന ഭീതിയുള്ളതു കൊണ്ടാണ് കെ.സി.വേണുഗോപാല്‍ മത്സരിക്കാത്തതെന്നും വേണുഗോപാലാണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹം എട്ടുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

ആലപ്പുഴയിലെ സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് നില്‍ക്കാന്‍ തീരുമാനിച്ചാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top