പശ്ചിമ ബംഗാളില്‍ മമതയുടെ തൃണമൂലിന് കനത്ത വെല്ലുവിളി ഉയര്‍ത്തി സി.പി.എം സഖ്യം, അടിക്ക് തിരിച്ചടിയും ശക്തം

ശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇപ്പോള്‍ നടത്തുന്നത് ജീവന്‍മരണ പോരാട്ടമാണ്. എന്തു വില കൊടുക്കേണ്ടി വന്നാലും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് മമത ബാനര്‍ജിയെ സംബന്ധിച്ചും അതിനിര്‍ണ്ണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിപതറിയാല്‍ അത് വരുന്ന ലോകസഭ തിരഞ്ഞെടുപ്പിനെയും സാരമായി തന്നെ ബാധിക്കും. ഒടുവില്‍ പശ്ചിമ ബംഗാളിലെ ഭരണം നഷ്ടമാകുന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തുമെന്നാണ് തൃണമൂല്‍ നേതൃത്വം ഭയപ്പെടുന്നത്. 42 ലോകസഭാംഗങ്ങള്‍ ഉള്ള പശ്ചിമ ബംഗാളില്‍ നിന്നും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 22 സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ചപ്പോള്‍ 18 സീറ്റുകള്‍ പിടിച്ചെടുത്ത് വമ്പന്‍ അട്ടിമറിയാണ് ബി.ജെ.പി കാഴ്ചവച്ചിരുന്നത്.

ബംഗാളിലെ സി.പി.എം – കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ തകര്‍ച്ചയും കേന്ദ്ര ഭരണത്തിന്റെ ആനുകൂലവുമാണ് 2019 -ലെ ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തുണച്ചിരുന്നത്. അന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയ നേതാക്കളാണ് ബി.ജെ.പി വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നത്. എന്നാല്‍ ആ നേതാക്കളില്‍ പലരും ഇപ്പോള്‍ തൃണമൂലിലേക്കു തന്നെ തിരികെ പോയിരിക്കുകയാണ്. ബി.ജെ.പിയെ സംബന്ധിച്ച് ഇത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഈ അവസരം മുതലാക്കി ഇടതുപക്ഷവും കോണ്‍ഗ്രസ്സും വലിയ മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത്.

അടുത്തയിടെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോട്ടയായ സാഗര്‍ദിഗി സീറ്റില്‍ ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ബൈറോണ്‍ ബിശ്വാസ് 22,980 വോട്ടുകള്‍ക്കാണ് അട്ടിമറി വിജയം നേടിയിരുന്നത്. മമതാ ബാനര്‍ജിയുടെ അകന്ന ബന്ധുകൂടിയായ ടിഎംസിയുടെ ദേബാഷിസ് ബാനര്‍ജിയെ ആണ് ബിശ്വാസ് പരാജയപ്പെടുത്തിയിരുന്നത്. മമതാ ബാനര്‍ജിയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ പ്രഹരമായിരുന്നു ഇത്. മുസ്ലിം ജനവിഭാഗത്തിന് വലിയ സ്വാധീനമുളള മണ്ഡലത്തിലെ തിരിച്ചടി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ അകലുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഈ തോല്‍വി മറികടക്കാന്‍ വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ തന്നെ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ്സ് അടര്‍ത്തിമാറ്റുകയുണ്ടായി. കോണ്‍ഗ്രസ്സ് എം.എല്‍ എ യുടെ ഈ കൂറുമാറ്റത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും വിശാല താല്‍പ്പര്യം പരിഗണിച്ചാണ് തദ്ദേശ തിരത്തെടുപ്പിലും കോണ്‍ഗ്രസ്സുമായി ഇടതുപക്ഷം സഹകരിക്കുന്നത്.

മുന്‍പു നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 90 % സീറ്റുകളും നേടിയിരുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്സായിരുന്നു. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ ഏറെ ആശങ്കപ്പെടുന്നതും തൃണമൂല്‍ കോണ്‍ഗ്രസ്സു തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് അടി തെറ്റിയാല്‍ പശ്ചമ ബംഗാളിലെ തൃണമൂല്‍ യുഗത്തിന്റെ അന്ത്യത്തിനാണ് അതോടെ തുടക്കമാവുക. തദ്ദേശ തിരഞ്ഞെടുപ്പിനിടെ നിരവധി പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. വ്യാപകമായ ആക്രമണ പരമ്പരക്കു മുന്നില്‍ ജനങ്ങളും പകച്ചു നില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സ് ഒരു ഭാഗത്തും ഇടതുപക്ഷ – കോണ്‍ഗ്രസ്സ് സഖ്യം മറുഭാഗത്തുമായാണ് സംഘടിച്ചിരിക്കുന്നത്. ബി.ജെ.പിയാകട്ടെ ഒറ്റയ്ക്കാണ് കളം പിടിക്കാന്‍ ശ്രമിക്കുന്നത്. ഇത്തവണ തിരിച്ചടി ലഭിച്ചാല്‍ പിന്നെ അതിനെ അതിജീവിക്കുക മമതയ്ക്കും ബുദ്ധിമുട്ടാകും. കോണ്‍ഗ്രസ്സിനെ കേവലം ആള്‍ക്കൂട്ടമായാണ് വിലയിരുത്തുന്നതെങ്കില്‍ നഷ്ടപ്പെട്ട കേഡര്‍പാര്‍ട്ടി സംവിധാനം തിരിച്ചു പിടിച്ച് താഴെ തട്ടുമുതല്‍ ചിട്ടയായ പ്രവര്‍ത്തനമാണ് സി.പി.എം കാഴ്ചയ്ക്കുന്നത്. ഇടതുപക്ഷത്തിന്റെ സകല പ്രതീക്ഷയും സി.പി.എമ്മിന്റെ ഈ പ്രവര്‍ത്തനത്തിലാണ്. തൃണമൂല്‍ പ്രവര്‍ത്തനത്തെ ചെറുക്കുക മാത്രമല്ല, സംഘര്‍ഷ ബാധിത സ്ഥലത്തെത്തിയ ഗവര്‍ണ്ണറെ പോലും തടഞ്ഞുവയ്ക്കാനും സിപിഎം പ്രവര്‍ത്തകര്‍ ധൈര്യം കാട്ടുകയുണ്ടായി.

തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും വ്യാപക അക്രമണമാണ് അരങ്ങേറിയിരിക്കുന്നത്. ചോര ചിതറിയ മണ്ണില്‍ ആര് വിജയക്കൊടി നാട്ടിയാലും അത് തീര്‍ച്ചയായും ലോക്സഭാ തിരഞ്ഞെടുപ്പിലും ശരിക്കും പ്രതിധ്വനിക്കും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു തന്നെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് പൊരുതി കൊണ്ടിരിക്കുന്നത്. 22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് ഇപ്പോള്‍ വോട്ടെടുപ്പ് നടന്നിരിക്കുന്നത്. 65,000 കേന്ദ്ര സേനാംഗങ്ങളെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ടെങ്കിലും അതു കൊണ്ടൊന്നും ആക്രമണം തടയാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34% സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ ഇത്തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ കഠിനശ്രമമാണ് നടത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് സി.പി.എമ്മും കോണ്‍ഗ്രസ്സും അവകാശപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് ബംഗാള്‍ രാഷ്ട്രീയത്തെ ആകെ മാറ്റി മറിക്കും. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

Top