ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ അവതരിപ്പിച്ചത് അംഗീകരിക്കാനാകില്ല; സ്വാഗതഗാനവിവാദത്തില്‍ നടപടി വേണം; സിപിഎം

കോഴിക്കോട്: സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തില്‍ നടപടി വേണമെന്ന് സിപിഎം. മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചത് പരിശോധിക്കണം. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്നും കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രസ്താവനയുടെ പൂര്‍ണരൂപം

കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരം ഇതിനിടയില്‍ വിമര്‍ശനത്തിനിടയാക്കിയത് സിപിഎം ഗൗരവത്തോടെ കാണുന്നു. ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന്
പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നു.

Top