മന്ത്രി ജലീല്‍ സ്വന്തം അജണ്ട നടപ്പാക്കുന്നു, സി.പി.എം സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

മലപ്പുറം: മന്ത്രി കെ.ടി ജലീല്‍ വ്യക്തിപരമായ സ്വന്തം അജണ്ട നടപ്പാക്കാനാണ് മന്ത്രി പദവി ഉപയോഗപ്പെടുത്തുന്നതെന്ന് രൂക്ഷ വിമര്‍ശനം. സി.പി.എം മലപ്പുറം ജില്ലാ സമ്മേളന പ്രതിനിധി ചര്‍ച്ചയിലാണ് ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.

ഒരു ഇടതുപക്ഷ സര്‍ക്കാറിലെ മന്ത്രി സ്വീകരിക്കേണ്ട നടപടിയല്ല ജലീലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് തുറന്നടിച്ച പ്രതിനിധികള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, കേന്ദ്ര കമ്മറ്റി അംഗം എ.വിജയരാഘവന്‍, പാലൊളി മുഹമ്മദ് കുട്ടി, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രി എ.കെ ബാലന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രൂക്ഷ വിമര്‍ശനം.

നേരത്തെ ഏരിയാ സമ്മേളനങ്ങളിലും ജലീലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രസംഗത്തില്‍ ലീഗ് വിമര്‍ശനം നടത്തുന്ന ജലീല്‍ വീണ്ടും ലീഗിന് ‘പഠിക്കുക’യാണെന്നായിരുന്നു വിമര്‍ശനം. സി.പി.എം സ്വതന്ത്രനായതിനാല്‍ പാര്‍ട്ടിക്കും ജലീലിന് മേല്‍ നിയന്ത്രണമില്ലാത്ത അവസ്ഥയാണ് നിലവില്‍.

ജലീലിന്റെ പോക്ക് പാര്‍ട്ടിക്കും സര്‍ക്കാറിനും അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് സമ്മേളന പ്രതിനിധികള്‍ നല്‍കുന്നത്. ജലീലിന്റെ പ്രവര്‍ത്തനത്തില്‍ സി.പി.എം ജില്ലാ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും ജലീലിനെതിരെ വിമര്‍ശനമുയരാനാണ് സാധ്യത.

റിപ്പോര്‍ട്ട്: എം വിനോദ്

Top