കിടുങ്ങി പോയത് പ്രതിപക്ഷ പാർട്ടികൾ, വീണ്ടും സി.പി.എം ‘ഞെട്ടിച്ചു’ കളഞ്ഞെന്ന് !

ദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല, ഭരണ സാരഥികളുടെ കാര്യത്തിലും പ്രതിപക്ഷത്തെ തോൽപ്പിച്ചു കളഞ്ഞിരിക്കുകയാണിപ്പോൾ സി.പി.എം. തിരുവനന്തപുരം മേയർ സ്ഥാനത്തേക്കും, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും ചെറുപ്പത്തെ പരിഗണിച്ച സി.പി.എം, വലിയ സന്ദേശമാണ് രാജ്യത്തിന് നൽകിയിരിക്കുന്നത്. തിരുവനന്തപുരം മേയറാകാൻ പോകുന്ന ആര്യ രാജേന്ദ്രനും അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന രേഷ്മ മറിയം റോയിക്കും 21 വയസ്സു മാത്രമാണുള്ളത്. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റാകുന്നത് 22 വയസ്സുകാരി ശാരുതിയാണ്,ഇവർ നിയമ വിദ്യാർത്ഥിയുമാണ്. രാജ്യത്ത് ഈ പ്രായത്തിൽ, ഇത്തരം പദവികളിൽ മറ്റാരുമില്ലന്നതും, നാം ഓർക്കണം. പഞ്ചായത്ത് അംഗം ആകാൻ പോലും കടിപിടികൂടുന്ന, പുതിയ കാലത്ത്, ഇങ്ങനെ ചരിത്രം സൃഷ്ടിക്കാൻ സി.പി.എമ്മിനല്ലാതെ രാജ്യത്തെ മറ്റൊരു പാർട്ടിക്കും തന്നെ കഴിയുകയില്ല.

സിനിമ കണ്ടു കൊണ്ടിരിക്കെ വിളിച്ചിറക്കി സ്ഥാനാർത്ഥിയാക്കി ശിവരാമനെന്ന കോളജ് വിദ്യാർത്ഥിയെ പാർലമെൻ്റിലേക്ക് പറഞ്ഞയച്ച പാർട്ടിയാണിത്. എംകോം വിദ്യാർത്ഥിയും എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമായ ശിവരാമന് അന്ന് പ്രായം 26 മാത്രമായിരുന്നു. ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഒറ്റപ്പാലം ലോകസഭ മണ്ഡലത്തിൽ നിന്നും 1993-ൽ ഈ വിദ്യാർത്ഥി നേതാവ് ജയിച്ച് കയറിയിരുന്നത്. ഇതിനു ശേഷം വീണ്ടും നിരവധി എസ്.എഫ്.ഐ പ്രവർത്തകർക്ക് സി.പി.എം തിരഞ്ഞെടുപ്പിൽ അവസരമൊരുക്കുകയുണ്ടായി. മത്സരിച്ച് ജയിച്ചു കഴിഞ്ഞാൽ പദവികൾ നൽകുന്ന കാര്യത്തിലും സി.പി.എം തന്നെയാണ് ഇന്ന് രാജ്യത്തിന് മാതൃക.

അതിന്റെ  ഒടുവിലത്തെ ഉദാഹരണമാണ് ആര്യയും രേഷ്മയും.എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായ ആര്യ രാജേന്ദ്രൻ, ഓൾ സെയിന്റ്സ് കോളജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിനിയാണ്.എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് രേഷ്മ മറിയം റോയി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് തലേന്നാണ് രേഷ്മക്ക് 21 വയസ്സ് പൂർത്തിയായിരുന്നത്. ഒരേസമയം ചെറുപ്പത്തെ മാത്രമല്ല, വനിതകളെയും കൂടിയാണ് സി.പി.എം ഇവിടെ പരിഗണിച്ചിരിക്കുന്നത്. പദവികളിലേക്ക് പരിഗണിക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെ എന്നിട്ട് പറയാം എന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചിരുന്നത്. ചെറുപ്പത്തിന്റെ ഉയർന്ന കമ്യൂണിസ്റ്റ് ബോധമാണ് ഈ വാക്കുകളിലൂടെ പ്രകടമായിരിക്കുന്നത്.

പാർട്ടിയാണ് തങ്ങളുടെ കരുത്തും ധൈര്യവുമെന്ന് പറയുന്നതിലാണ് ഇരുവരും അഭിമാനം കൊള്ളുന്നത്. എസ്.എഫ്.ഐയിൽ നിന്നും 24 പേരാണ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നും ആര്യക്ക് പുറമെ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായ റിയാസ് വഹാബ്, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ നേതാവായിരുന്ന ഗായത്രി ബാബു എന്നിവരും വിജയിച്ചിട്ടുണ്ട്.കൊല്ലത്ത് നിന്നും എസ്.എഫ്.ഐ നേതാക്കളായ അനന്തു, പവിത്ര,അനന്തലക്ഷ്മി എന്നിവരും, ആലപ്പുഴയിൽ നിന്ന് അശ്വനി അശോക്, എം ശിവപ്രസാദ് എന്നിവരും വിജയിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും രേഷ്മക്ക് പുറമെ, എസ്.എഫ്.ഐ നേതാക്കളായ റിക്കു മോനി വർഗ്ഗീസ് ആര്യ വിജയൻ എന്നിവരാണ് വിജയിച്ചിരിക്കുന്നത്.കോട്ടയത്ത് നിന്നും അമൽരാജും, എറണാംകുളത്ത് നിന്നും അഭിജിത്ത് ,നവ്യ എന്നിവരുമാണ് വിജയിച്ചിരിക്കുന്നത്.തൃശ്ശൂരിൽ നിന്നും ധനുഷ് ,അമൽ റാം എന്നിവരും, പാലക്കാട് നിന്നും നീരജ് ,അബ്ദുൽ ലത്തീഫ്,റിനിഷ, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മലപ്പുറത്ത് നിന്നും അഫ്സലും, റംഷീനയുമാണ് വിജയിച്ചിരിക്കുന്നത്.കണ്ണൂരിൽ സി പി ഷിജുവും, കാസർഗോഡ് ഫാത്തിമത്ത്‌ ഷംനയുമാണ് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച എസ്.എഫ്.ഐക്കാരിൽ ബഹു ഭൂരിപക്ഷവും വിജയിച്ചതിനെ കൗതുകത്തോടെയാണ് പ്രതിപക്ഷ പാർട്ടികളും ഇപ്പോൾ വീക്ഷിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തെ പിള്ളേര് കളിയായി കണ്ടിരുന്ന അരാഷ്ട്രീയ വാദികളുടെ വായടപ്പിക്കുന്ന മറുപടിയാണ് എസ്.എഫ്.ഐ ഇപ്പോൾ നൽകിയിരിക്കുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ മേയർ എസ്.എഫ്.ഐ നേതാവ് ആണെന്നതിൽ തീർച്ചയായും ആ സംഘടനക്ക് ഇനി അഭിമാനിക്കാം. പ്രധാനമന്ത്രിയെ ബി.ജെ.പി മേയറായിരിക്കും സ്വീകരിക്കുകയെന്ന നടൻ കൃഷ്ണകുമാറിന്റെ സ്വപ്നത്തെയാണ് ചെമ്പട സ്വപ്നത്തിൽ തന്നെ ഒതുക്കി കളഞ്ഞിരിക്കുന്നത്.

കാമ്പസുകളിൽ മാത്രമല്ല, പൊതു സമൂഹത്തിനിടയിലും തങ്ങൾക്ക് സ്വീകാര്യതയുണ്ടെന്നാണ് എസ്.എഫ്.ഐ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ തെളിയിച്ചിരിക്കുന്നത്. എസ്.എഫ്.ഐ നേതാക്കൾ വിജയിച്ച പല സീറ്റുകളും പ്രതിപക്ഷത്ത് നിന്നും പിടിച്ചെടുത്തതാണെന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷത്തിന്റെ ഈ വിജയ ചരിത്രം എസ്.എഫ്.ഐയുടെ കൂടി വിജയചരിത്രമാണ്. ഇതാകട്ടെ, ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിപ്പോൾ പ്രതിപക്ഷ പാർട്ടികളിലും സൃഷ്ടിച്ചിരിക്കുന്നത്. പോഷക സംഘടനകളെയും അതിന്റെ നേതാക്കളെയും അവഗണിക്കുന്നത് ഇനിയെങ്കിലും കോൺഗ്രസ്സ് നേതൃത്വം അവസാനിപ്പിക്കണമെന്നതാണ് കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.

വലിയ വികാരമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തഴഞ്ഞതിൽ, ഈ സംഘടനകൾക്കുള്ളത്. എം.എസ്.എഫ് – യൂത്ത് ലീഗ് നേതൃത്വത്തിലും അതൃപ്തി ശക്തമാണ്. മുസ്ലീം ലീഗിൽ തലമുറമാറ്റമാണ് ഇരു സംഘടനകളും ആവശ്യപ്പെടുന്നത്. ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്ന ബി.ജെ.പിയിലും കാര്യങ്ങൾ ഇപ്പോൾ സുഗമമല്ല എ.ബി.വി.പി – യുവമോർച്ച സംഘടന നേതൃത്വങ്ങൾ കടുത്ത അതൃപ്തിയിലാണ്. പ്രതിപക്ഷത്തെ മഹിളാ സംഘടനകൾക്കും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ പ്രതിഷേധമാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം വനിതകൾക്ക് പരിഗണന കൊടുത്തതും സി.പി.എം തന്നെയാണ്. തദ്ദേശ സ്ഥാപനങ്ങളെ നയിക്കാൻ, സംവരണത്തിന് പുറമെയും വലിയ പരിഗണന തന്നെ മിക്കയിടത്തും സി.പി.എം നൽകിയിട്ടുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷനിലൂടെ മാത്രമല്ല, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളിലെ വനിതകളെയും കാര്യമായി തന്നെയാണ് സി.പി.എം പരിഗണിച്ചിരിക്കുന്നത്. സ്വതന്ത്രരെ നിർത്തി മത്സരിപ്പിച്ച വാർഡുകളിൽ പോലും യുവത്വത്തിനും വനിതകൾക്കും പ്രാധാന്യം നൽകാനും സി.പി.എം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ്സ്, മഹിളാ മോർച്ച, വനിതാ ലീഗ് തുടങ്ങിയ സംഘടനകൾ എന്തിനു വേണ്ടിയാണ് എന്നത് ആ സംഘടനകളുടെ പ്രവർത്തകർ തന്നെയാണിപ്പോൾ പാർട്ടി നേതാക്കളോട് ചോദിച്ചിരിക്കുന്നത്. അതേസമയം, സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾക്കൊപ്പം തന്നെ ചെറുപ്പത്തെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിച്ചത് വലിയ ഗുണമാണ് ഇടതുപക്ഷത്തുണ്ടാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഈ അഭിപ്രായം പ്രതിപക്ഷ പ്രവർത്തകർക്കിടയിലും ശക്തമാണ്. ഈ രീതി തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും സി.പി.എം പിന്തുടരുമെന്നാണ് അവരും കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ‘തന്ത്രം’ നിയമസഭ തിരഞ്ഞെടുപ്പിലും സി.പി.എം പുറത്തെടുത്താൽ നിരവധി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കാണ് നറുക്ക് വീഴുക .സാധാരണ ഗതിയിൽ, വിദ്യാർത്ഥി – യുവജന സംഘടനകളുടെ സംസ്ഥാന – ദേശീയ ഭാരവാഹികളെ, സി.പി.എം നിയമസഭയിലേക്കും, പാർലമെൻ്റിലേക്കും മത്സരിപ്പിക്കാറുണ്ട്. എന്നാൽ, ഇത്തവണ കൂടുതൽ പേരെ പരിഗണിക്കുമെന്നാണ് സൂചന. ‘ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാർട്ടി സ്വീകരിക്കുമെന്നാണ് ” ഇതു സംബന്ധമായ ചോദ്യത്തിനോട് മുതിർന്ന സി.പി.എം നേതാവ് തന്നെ പ്രതികരിച്ചിരിക്കുന്നത്. സി.പി.എം യുവത്വത്തിന് നൽകുന്ന പരിഗണന ഇതുവരെ മറ്റൊരു പാർട്ടിയും നൽകിയിട്ടില്ലന്നും നാളെയും അതു തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നുമാണ് സി.പി.എം സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

സി.പി.എമ്മിന്റെ ഈ നിലപാട് കോൺഗ്രസ്സിനും ലീഗിനുമാണ് പ്രതിസന്ധിയുണ്ടാക്കുക. യുവത്വത്തിനു വേണ്ടി വഴി മാറാൻ ഈ പാർട്ടികളിലെ മുതിർന്ന നേതാക്കൾ തയ്യാറെല്ലന്നതാണ് യാഥാർത്ഥ്യം.പി.കെ കുഞ്ഞാലിക്കുട്ടിയെ എം പി സ്ഥാനം രാജിവപ്പിച്ച് കൊണ്ടുവരുന്നതും, വലിയ പൊട്ടിത്തെറിയാണ് ലീഗിൽ സൃഷ്ടിച്ചിരിക്കുന്നത്. യുവത്വത്തെ ഇത്തവണ പരിഗണിച്ചേ പറ്റൂ എന്ന വാശിയിലാണ് യൂത്ത് ലീഗ് എം.എസ്.എഫ് നേതൃത്വമുള്ളത്. പ്രായപരിധി നിയമസഭ തിരഞ്ഞെടുപ്പിലും നടപ്പാക്കണമെന്നതാണ് അവരുടെ ആവശ്യം. കോൺഗ്രസ്സിലും സമാന സാഹചര്യമാണുള്ളത്. മുതിർന്ന നേതാക്കളെ മാറ്റി നിർത്തണമെന്നതാണ് യൂത്ത് കോൺഗ്രസ്സിന്റെയും കെ.എസ്.യുവിന്റെയും ആവശ്യം. ഈ തിരഞ്ഞെടുപ്പ് യുവത്വത്തിന്റെതാണെന്നും ഇത്തവണ പരിഗണിച്ചില്ലങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നുമാണ് യുവ തുർക്കികൾ മുന്നറിയിപ്പ് നൽകുന്നത്.

സകല പ്രതിപക്ഷ സംഘടനകളും അവകാശവാദത്തിനായി ചൂണ്ടിക്കാട്ടുന്നത് ചെങ്കാടിയെയാണ്. സി.പി.എം യുവത്വത്തിനും വനിതകൾക്കും നൽകുന്ന പരിഗണനയാണ് തുറുപ്പ് ചീട്ട്.സി.പി.എമ്മിനെ പോലെ ആകാൻ പറ്റില്ലങ്കിലും അതിന്റെ അടുത്തെത്തുന്ന പരിഗണനയെങ്കിലും വേണമെന്നതാണ് പ്രതിപക്ഷ സംഘടനകളുടെ ഡിമാന്റ്. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കാനാണ് കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെ തീരുമാനം. തദ്ദേശ തിരിച്ചടിയിലും കോൺഗ്രസ്സ് പാഠം പഠിച്ചില്ലങ്കിൽ പിന്നെ പഠിക്കാൻ ‘പാഠപുസ്തകം’ തന്നെ ഉണ്ടാകില്ലന്നാണ്, യുവനേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്.

പിണറായി സർക്കാറിന് ഭരണ തുടർച്ച ലഭിച്ചാൽ, യു.ഡി.എഫ് തന്നെ തരിപ്പണമായിപ്പോകുമെന്ന കാര്യത്തിൽ, അവർക്കും സംശയമില്ല.യൂത്ത് ലീഗ് – എം.എസ്.എഫ് നേതാക്കൾ, പാണക്കാട്ട് തങ്ങളെ സന്ദർശിച്ചാണ് കാര്യങ്ങൾ ബോധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വെൽഫയർ പാർട്ടി സഖ്യത്തിലെ എതിർപ്പും, ഹൈദരലി തങ്ങളെ നേരിട്ട് തന്നെ അറിയിക്കും. മലപ്പുറത്ത് ഉൾപ്പെടെ, യുവനിരയെ ഇടതുപക്ഷം രംഗത്തിറക്കിയാൽ,”പണി’ പാളുമെന്നാണ് ലീഗിലെ പുതു തലമുറയുടെ മുന്നറിയിപ്പ്.

 

 

 

 

 

Top