cpm-activist-vishnus-murder-case

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായ പതിമൂന്നു പ്രതികള്‍ക്കുമുള്ള ശിക്ഷാ വിധി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി. മിനിമോള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇന്നു വിധി പറയാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

പതിനൊന്നാം പ്രതിയൊഴികെ പതിമൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചിലര്‍ക്ക് വധശിക്ഷയ്‌ക്കോ ജീവപര്യന്തത്തിനോ സാദ്ധ്യതയുള്ളതായി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യത്തെ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് ഇന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ശിക്ഷയെ സംബന്ധിച്ച ഇരുപക്ഷത്തേയും വാദമാണ് കോടതി ഇന്നു കേട്ടത്.

കേസില്‍ 13 പ്രതികളെ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കൈതമുക്ക് സ്വദേശി ഒന്നാം പ്രതി സന്തോഷ്, മണ്ണന്തല കേരളാദിത്യപുരം സ്വദേശികളായ രണ്ടാം പ്രതി മനോജ് എന്ന കക്കോട്ട് മനോജ്, നാലാം പ്രതി ബിജുകുമാര്‍, മണക്കാട് സ്വദേശി അഞ്ചാം പ്രതി രഞ്ജിത്കുമാര്‍, ആറാംപ്രതി മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ഊളന്‍കുഴി സ്വദേശി ഏഴാം പ്രതി വിപിന്‍ എന്ന ബബിന്‍,ആനയറ കുടവൂര്‍ സ്വദേശി എട്ടാം പ്രതി സതീഷ്, പേട്ട സ്വദേശി ഒന്‍പതാം പ്രതി ബോസ്, വട്ടിയൂര്‍ക്കാവ് സ്വദേശി പത്താം പ്രതി സതീഷ് എന്ന മണികണ്ഠന്‍, പതിനൊന്നാം പ്രതി ഹരിലാല്‍,ചെഞ്ചേരി സ്വദേശി പന്ത്രണ്ടാം പ്രതി വിനോദ്കുമാര്‍, കരിക്കകം സ്വദേശി പതിനഞ്ചാം പ്രതി ശിവലാല്‍ ,പതിനാറാം പ്രതി ഷൈജു എന്നിവര്‍ക്കുള്ള ശിക്ഷയാണ് തിങ്കളാഴ്ച പ്രഖ്യാപിക്കുക.

2008 ഏപ്രില്‍ ഒന്നിനായിരുന്നു സിപിഎം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിനുമുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു.

16 പ്രതികളായിരുന്നു ആകെയുള്ളത്. കേസിലെ മൂന്നാംപ്രതി രഞ്ജിത്ത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. 14ആം പ്രതിയായ ആസാം അനി ഒളിവിലാണ്. ആര്‍എസ്എസ്- സിപിഎം രാഷ്ട്രീയവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ശംഖുംമുഖം അസിസ്റ്റന്റ് പൊലീസ് കമീഷണറായിരുന്ന പി രഘുനാഥ്, വഞ്ചിയൂര്‍ ക്രൈം എസ്.ഐ സി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Top