ഹരിദാസന്റെ കൊലപാതകം; പ്രതികള്‍ പരിശീലനം ലഭിച്ച ആര്‍എസ്എസ്-ബിജെപി സംഘം: കോടിയേരി

കണ്ണൂര്‍: പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ പ്രതികരണവുമായി സിപി ഐ എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹരിദാസിന്റേത് മൃഗീയ കൊലപാതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കൊലപതാകം നടത്തിയത് പരിശീലനം നേടിയ ബിജെപി -ആര്‍എസ്എസ് സംഘമാണ്.

കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. ആര്‍ എസ് എസ് നടത്തുന്ന അക്രമങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സി പി ഐ എം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ പെട്ടുപോകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ പലയിടത്തും ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ആലപ്പുഴയിലും തിരുവല്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായി സംഭവങ്ങള്‍ നടന്നു.

കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആര്‍എസ്എസ് -ബിജെപി സംഘം ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഇവര്‍ക്ക് ഒരാഴ്ചത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 3000ത്തിലേറെ പേരാണ് ആ പരിശീലന പരിപാടിയില്‍ പങ്കെടുത്തതെന്നും കോടിയേരി ആരോപിച്ചു.

തലശ്ശേരിയില്‍ നിന്ന് ഈ പരിശീലനത്തിന് പങ്കെടുത്ത സംഘമാണ് കൊലനടത്തിയത്. ഈ സംഭവം അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

 

Top