cpm activist dhanraj murder case; 2 persons in police custaddy

പയ്യന്നൂര്‍: കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനായ ധന്‍രാജിനെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് പിടിയിലായി. ഇവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചോദ്യംചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു രാമന്തളി കുന്നരുവില്‍ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് കൊലചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ അന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രനും കൊലചെയ്യപ്പെട്ടതോടെ പയ്യന്നൂരില്‍ വ്യാപകമായി അക്രമങ്ങളുണ്ടായി.

മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘമാണ് വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നില്‍ വച്ച് സി.പി.എമ്മുകാരന്‍ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി.വി.ധനരാജിനെ (38) വെട്ടിക്കൊന്നത്.

മൂന്ന് ബൈക്കുകളിലെത്തിയ ആറുപേരാണ് ധനരാജിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ പറയുന്നു. ശരീരമാകെ വെട്ടേറ്റ് മാരകമായി പരിക്കേറ്റ ധന്‍രാജിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ധന്‍രാജിനെ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടിലെത്തിയ ഉടനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ. വില്ലേജ് സെക്രട്ടറിയും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു.

ധന്‍രാജിന്റെ കൊലപാതകത്തിന് തുടര്‍ച്ചയായി അന്ന് തന്നെ അര്‍ധരാത്രിക്ക് ശേഷം ഒരുമണിയോടെ ബി.എം.എസ്. പയ്യന്നൂര്‍ മേഖലാ പ്രസിഡന്റും പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറുമായ സി.കെ.രാമചന്ദ്രനും (52) വെട്ടേറ്റു മരിച്ചു.

Top