സിപിഎം പ്രവര്‍ത്തകന്‍ അജയന്‍ വധം: പ്രതികളെ വെറുതെവിട്ടു

കണ്ണൂര്‍: സിപിഎം അനുഭാവിയായിരുന്ന പാനൂരിലെ അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെവിട്ടു. പ്രതികളായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വെറുതെവിട്ടത്. 2009 മാര്‍ച്ച് 11നാണ് സിപിഎം അനുഭാവിയായ അജയന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആകെയുണ്ടായിരുന്ന 9 പ്രതികളില്‍ ഒരാള്‍ വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാള്‍ ആത്മഹത്യ ചെയ്തു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വന്നത്.

പാനൂരില്‍ 2009 മാര്‍ച്ച് 11 ന് രാത്രിയായിരുന്നു സംഭവം. അജയന്‍ നടത്തിയ കടയിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഇയാളെ വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ അജയന്‍ തൊട്ടടുത്തുള്ള കുമാരന്‍ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി സംഘം പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അന്ന് അജയന്റെ മകന് ഒന്നര വയസ് മാത്രമായിരുന്നു പ്രായം.

കേസില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായവരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. മനോജ്, ഷിജിത്ത്, ജിജേഷ്, വിനീഷ്, സജിത്ത്, പി. എന്‍. മോഹനന്‍, പ്രജു എന്നിവരെയാണ് വെറുതെ വിട്ടത്. ഈ കേസിലെ ഏഴാം പ്രതി യേശു എന്നറിയപ്പെട്ടിരുന്ന കെസി രാജേഷിനെ 2010 ല്‍ സിപിഎം പ്രവര്‍ത്തകരാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസ് വിചാരണ ഘട്ടത്തിലാണ്.

Top