സി.പി.ഐ.എം കേന്ദ്രകമ്മറ്റിയിലേക്ക് രാജീവ്, ബാലഗോപാൽ , റിയാസ് …സാധ്യത !

ഡൽഹി: സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് ഏപ്രിൽ 6 ന് കണ്ണൂരിൽ തുടക്കമാവും.10 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനങ്ങളിൽ എല്ലാം, യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേക പരിഗണന നൽകാൻ സി.പി.എം ശ്രദ്ധിച്ചിട്ടുണ്ട്.

കേരളത്തിൽ, സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ വിപ്ലവകരമായ മാറ്റമാണ് സി.പി.എം വരുത്തിയിരിക്കുന്നത്. മുൻപു നടന്ന സമ്മേളനത്തിൽ പി.രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവരാണ് ചെറുപ്പത്തെ പ്രതിനിധീകരിച്ചതെങ്കിൽ, ഇത്തവണ പുതുതായി നാല് പേരെ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പുത്തലത്ത് ദിനേശൻ, ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, എസ്.എഫ്.ഐ മുൻ അദ്ധ്യക്ഷൻ പി.കെ ബിജു എന്നിവരാണ് പുതുതായി സെക്രട്ടറിയേറ്റിൽ എത്തിയ ചെറുപ്പക്കാർ. ഇതോടെ 17 അംഗ സെക്രട്ടറിയേറ്റിലെ 6 പേരും ചെറുപ്പക്കാരാണ് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന കമ്മറ്റിയിൽ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻമാരായ വി.പി സാനു, എ എ റഹീം, യുവജന കമ്മിഷൻ ചെയർപേഴ്സൺ അദ്ധ്യക്ഷ ചിന്ത ജെറോം തുടങ്ങി 16 പേരും പുതുമുഖങ്ങളാണ്.88 അംഗ കമ്മറ്റിയിൽ 13 വനിതകൾ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

Open photo

സംസ്ഥാന കമ്മറ്റിയിലെ സീനിയറായ പല നേതാക്കളെയും മാറ്റി നിർത്തിയാണ് ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ യുവാക്കൾക്ക് അവസരം നൽകിയിരിക്കുന്നതെങ്കിലും, ആ തീരുമാനവും ഐക്യകണ്ഠേന ആയിരുന്നു. ഇതാകട്ടെ സി.പി.എമ്മിൻ്റെ അച്ചടക്കവും കെട്ടുറപ്പും പ്രകടമാക്കുന്നതുമാണ്.

കണ്ണൂരിൽ നിന്നുള്ള സീനിയർ നേതാവായ പി.ജയരാജൻ സെക്രട്ടറിയേറ്റിൽ എത്താതിരുന്നതിൽ സി.പി.എം അണികൾക്കിടയിൽ നിരാശയുണ്ടെങ്കിലും. ജയരാജന്റെ പ്രതികരണത്തോടെ, ഇതു സംബന്ധമായി ഉയർന്ന വിമർശനങ്ങൾക്കും ഇപ്പോൾ അവസാനമായിട്ടുണ്ട്. കണ്ണൂരിൽ നിന്നും നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ , സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ പി.ബി അംഗങ്ങളും, എം വി ഗോവിന്ദൻ മാസ്റ്റർ, ഇ.പി ജയരാജൻ, ശൈലജ ടീച്ചർ, ശ്രീമതി ടീച്ചർ തുടങ്ങിയവർ കേന്ദ്ര കമ്മറ്റി അംഗങ്ങളുമാണ്. അതു കൊണ്ടു തന്നെയാണ് പുതിയ ഒരാളെകൂടി സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതിരുന്നത് എന്നാണ് അറിയുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിഗണിക്കപ്പെടാൻ യോഗ്യരായ ഒരു പിടി യുവനേതാക്കളാണ് സി.പി.എം സംസ്ഥാന കമ്മറ്റിയിൽ നിലവിലുള്ളത്. ഇവരെല്ലാം തന്നെ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘടനകളുടെ തലപ്പത്ത് പ്രവർത്തിച്ച് ക്രൂരമായ പൊലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങിയവരാണ്.

മുൻ എം.പികൂടിയായ കെ.കെ രാഗേഷ്, ടി.വി രാജേഷ്, എ.എൻ ഷംസീർ, വി ശിവദാസൻ എന്നിവർ കണ്ണൂർ ജില്ലയിൽ നിന്നുള്ള യുവ നേതാക്കളാണ്.മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ഇപ്പോഴത്തെ സ്പീക്കർ എം.ബി രാജേഷ്, എ പ്രദീപ് കുമാർ, യു.പി. ജോസഫ്.എന്നിവരും തീർച്ചയായും സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്താൻ യോഗ്യരായ രാഷ്ട്രീയത്തിലെ ചെറുപ്പമാണ്.

ഈ പാര്‍ട്ടി, കോൺഗ്രസ്സ് അല്ലാത്തതിനാലും, ഭാരവാഹികളെ കുത്തി നിറയ്ക്കുന്നത് കമ്യൂണിസ്റ്റു പാർട്ടികളുടെ രീതി അല്ലാത്തതിനാലും ആണ്, ഇവർക്ക് ഇത്തവണ സെക്രട്ടറിയേറ്റിൽ ഇടംപിടിക്കാൻ കഴിയാതിരുന്നത്. പുതുതായി സെക്രട്ടറിയേറ്റിൽ തിരഞ്ഞെടുക്കപ്പെട്ടവരേക്കാൾ സീനിയോററ്റിയും, പ്രവർത്തന പരിചയവുമുള്ള നേതാക്കളാണ് ഇവരെല്ലാം. സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുമ്പോൾ സി.പി.എം പല ‘ഘടകങ്ങളും’ പരിഗണിക്കാറുണ്ട്. അതു കൊണ്ടു മാത്രമാണ് സീനിയറായ പലരും പരിഗണിക്കപ്പെടാതെ പോയിരിക്കുന്നത്. ഇക്കാര്യത്തിൽ വിഷമം ഉണ്ടെങ്കിലും, പാർട്ടിക്കു വേണ്ടി അതെല്ലാം ഉള്ളിൽ ഒതുക്കുകയാണ് നേതാക്കളും അണികളും ചെയ്യുന്നത്.

എന്നാൽ, പി. ജയരാജന്റെ കാര്യത്തിൽ മാത്രമാണ് പരസ്യപ്രതികരണം അണികളിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിലും കൃത്യമായി ഇടപെട്ട് ജയരാജൻ തന്നെ എതിർപ്പിൻ്റെ മുനയൊടിച്ചിട്ടുണ്ട്. “പൊതുപ്രവർത്തകന് പദവിയല്ല നിലപാടാണ് പ്രധാനമെന്ന” ജയരാജന്റെ നിലപാടു തന്നെയാണ്, പരിഗണിക്കപ്പെടാതിരുന്ന യുവ നേതാക്കൾക്കും ഇപ്പോൾ പറയാനുള്ളത്. പാർട്ടിയാണ് പ്രധാനം എന്നു ഇവരെല്ലാം ഒറ്റക്കെട്ടായി പറയുമ്പോൾ, ഉയരുന്നത് ചെങ്കൊടിയുടെ മഹിമ കൂടിയാണ്. മറ്റേതെങ്കിലും പാർട്ടിയിലാണ് ഇത്തരം ഒരു സ്ഥിതിവിശേഷമെങ്കിൽ, വൻ പൊട്ടിത്തെറിയും പിളർപ്പും തന്നെ സംഭവിക്കുമായിരുന്നു. ഇക്കാര്യം രാഷ്ട്രീയ നിരീക്ഷകർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം സി.പി.എം സംസ്ഥാന കമ്മറ്റിയിൽ ഇടംപിടിക്കാതിരുന്ന അഖിലേന്ത്യാ കിസാൻസഭ നേതാവ് പി.കൃഷ്ണപ്രസാദിനെ, സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ട് കേന്ദ്ര കമ്മറ്റിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ഉത്തരേന്ത്യയിലെ നിരവധി കർഷക സമരങ്ങളിൽ, പ്രത്യേകിച്ച് അടുത്തയിടെ നടന്ന ഡൽഹിയിലെ കർഷക സമരത്തിന് ഉൾപ്പെടെ ശക്തമായി നേതൃത്വം നൽകി, പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയ നേതാവാണ് കൃഷ്ണപ്രസാദ്. അദ്ദേഹം എസ്.എഫ്.ഐയുടെ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് കൂടിയാണ്. ദേശീയ തലത്തിൽ കൃഷ്ണപ്രസാദിനെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിനും ഉള്ളത്.പാർട്ടി കോൺഗ്രസ്സിൽ ഇതു സംബന്ധമായ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.

Open photo

ഇതോടൊപ്പം,സി.പി.എം കേന്ദ്ര കമ്മറ്റിയിലും വ്യാപക അഴിച്ചുപണിയുണ്ടാകും.പ്രായ പരിധിയിൽ തട്ടി പലരും തെറിക്കും. ബംഗാൾ, ത്രിപുര, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പുതുമുഖങ്ങൾ കേന്ദ്ര കമ്മറ്റിയിൽ എത്തുമെന്നാണ് കേന്ദ്ര നേതൃത്വവും നൽകുന്ന സൂചന. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായ പരിഗണന യുവ നേതാക്കൾക്കും ഇത്തവണ ലഭിച്ചേക്കും. ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിൽ 95 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്‌ ബ്യൂറോയും ആണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കഴിഞ്ഞ തവണ 19 പുതുമുഖങ്ങൾ ആണ് കേന്ദ്ര കമ്മറ്റിയിൽ എത്തിയതെങ്കിൽ, ഇത്തവണ എണ്ണം വർദ്ധിച്ചേക്കും.

കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങളിലും പുതുമുഖങ്ങൾക്ക് സാധ്യതയുണ്ട്. മന്ത്രിമാരായ
പി.രാജീവ്, കെ.എൻ ബാലഗോപാൽ , മുഹമ്മദ് റിയാസ് എന്നിവർ കേന്ദ്ര കമ്മറ്റിയിൽ ഇടംപിടിക്കാനാണ് സാധ്യത. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയായ പി.രാജീവ് രാജ്യസഭ അംഗം എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ച നേതാവാണ്. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ അദ്ധ്യക്ഷനായ കെ.എൻ ബാലഗോപാലകട്ടെ മികച്ച സംഘാടകൻ കൂടിയാണ്. മന്ത്രി എന്ന നിലയിലെ മികച്ച പ്രകടനവും ന്യൂനപക്ഷ പ്രാധിനിത്യവും റിയാസിൻ്റെ സാധ്യതയെ വർദ്ധിപ്പിക്കുന്നതാണ്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റെ
എന്ന നിലയിലും, ശക്തമായ പ്രവർത്തനമാണ് റിയാസ് കാഴ്ചവച്ചിരുന്നത്.

പോളിറ്റ് ബ്യൂറോയിലേക്ക് കേരളത്തിൽ നിന്നും പുതുതായി പരിഗണന വന്നാൽ, എ വിജയരാഘവൻ, കെ രാധാകൃഷ്ണൻ, ഇ പി ജയരാജൻ, ശൈലജ ടീച്ചർ എന്നിവരിൽ ആർക്കെങ്കിലും നറുക്ക് വീഴും.

Top