ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നാണ് സിപിഐഎം നിലപാട്; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ഗവര്‍ണറുടെ ആവശ്യമില്ല. ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നാണ് സിപിഐഎം നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഗവര്‍ണര്‍മാരാക്കുന്നതെന്നും സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെ ഗവര്‍ണര്‍ തടസ്സപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് ഗവര്‍ണര്‍ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ടത്. ഗവര്‍ണര്‍മാര്‍ക്ക് പരിമിതികളുണ്ട്. സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നു. ഗവര്‍ണര്‍ക്ക് എവിടെ വരെ പോകാന്‍ കഴിയുമെന്ന കാര്യത്തില്‍ ഭരണഘടന വ്യക്തതയുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. താല്‍പര്യമുള്ളവര്‍ക്കെല്ലാം പരിപാടിയില്‍ പങ്കെടുക്കാം. ആര്യാടന്‍ ഷൗക്കത്തിനെ ഉള്‍പ്പെടെ പരിപാടിയിലേക്ക് ക്ഷണിച്ചതാണ്. റാലിയിലേക്ക് ജനാധിപത്യ വിശ്വാസികളെയെല്ലാം സിപിഐഎം ക്ഷണിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Top