സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 11ന് കോഴിക്കോട്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംബര്‍ 11ന്. കോഴിക്കോട് വച്ചാണ് റാലി നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനം.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ശശി തരൂരിനെ മുഖ്യാതിഥിയാക്കി കോഴിക്കോട് തന്നെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചിരുന്നു. അതില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവന ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികള്‍, പ്രത്യാക്രമണം അതിരുകടന്നു എന്നാണ് ശശി തരൂര്‍ പറഞ്ഞത്. അതിനു പിന്നാലെയാണ് സിപിഎം നവംബര്‍ 11ന് മറ്റൊരു പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്.

അതേസമയം, ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തി. തരൂര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അപമാനിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ ഇസ്രയേല്‍ അനുകൂല നിലപാടിന്റെ പ്രതിഫലനമാണെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം പലസ്തീന്‍ ജനതയ്ക്ക് ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top