പികെ ശശിക്കെതിരായ സിപിഎം അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചു

പാലക്കാട്: പികെ ശശിക്കെതിരായ സിപിഎം അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചു. ഇനി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേയ്ക്ക് ശശിക്ക് തിരികെ വരാം. എന്നാല്‍ ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കണം.

സസ്‌പെന്‍ഷന്‍ സമയത്തു പൊതുപരിപാടികളിലും നിയമസഭാകക്ഷി യോഗത്തിലും പങ്കെടുക്കുന്നതില്‍ അദ്ദേഹത്തിനു വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചില്ല. നടപടി കാലാവധി അവസാനിച്ചതിനെക്കുറിച്ചോ തുടര്‍ കാര്യങ്ങളെക്കുറിച്ചോ തനിക്ക് ഒന്നും അറിയില്ലെന്നു പി.കെ.ശശി എംഎല്‍എ പ്രതികരിച്ചു. നടപടിയുടെ തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നു ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും അറിയിച്ചിരുന്നു.

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയിലാണ് ഷൊര്‍ണൂര്‍ എംഎല്‍എയും സിഐടിയു ജില്ലാ പ്രസിഡന്റുമായ പികെ ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 26 നായിരുന്നു ആറ് മാസത്തേയ്ക്കുള്ള സസ്പെന്‍ഷന്‍ നടപടി.

കഴിഞ്ഞ ആഗസ്റ്റ് 14നാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ശശിക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ നടപടി കൈക്കൊള്ളാതിരുന്നതിനാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയ്ക്ക് യുവതി പരാതി നല്‍കിയിരുന്നു.

Top