യു.ഡി.എഫിന് അതിരുവിട്ട ആവേശം, ഇത്തവണയും ‘കപ്പടിക്കുമെന്ന്’ സി.പി.എം

വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അണിയറയില്‍ നടക്കുന്നത് തിരക്കിട്ട നീക്കങ്ങള്‍. ഭരണം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന യു.ഡി.എഫ് നേതാക്കളാണ് ഇനിയും ലഭിക്കാത്ത ഭരണം സപ്നം കണ്ട് ചരടുവലികള്‍ ശക്തമാക്കിയിരിക്കുന്നത്. മുസ്ലീം ലീഗില്‍ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവര്‍ക്കു പുറമെ എന്‍.എ നെല്ലിക്കുന്ന്, മഞ്ഞളാംകുഴി അലി, അഡ്വ. കെ.എന്‍.എ ഖാദര്‍ , അഡ്വ.എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ക്കു വേണ്ടിയുള്ള നീക്കങ്ങള്‍ ശക്തമാണ്. യു.ഡി.എഫിനു ഭരണം ലഭിച്ചാല്‍ 5 മന്ത്രിസ്ഥാനങ്ങളും ചീഫ് വിപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ പദവികളും ആവശ്യപ്പെടാനാണ് ലീഗ് നീക്കം. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിലും അനിവാര്യ ഘട്ടത്തില്‍ ലീഗ് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കും. ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടില്ലന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ടെങ്കിലും ഭരണം ലഭിച്ചാല്‍ ഈ നിലപാട് മാറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കേരള കോണ്‍ഗ്രസ്സില്‍ നിന്നും പി.ജെ.ജോസഫിനൊപ്പം മന്ത്രിയാകാമെന്ന മോഹം മോന്‍സ് ജോസഫിനും ഫ്രാന്‍സിസ് ജോര്‍ജിനുമുണ്ട്.

ആര്‍.എസ്.പി മുന്നോട്ട് വയ്ക്കുക ഷിബു ബേബി ജോണിന്റെ പേരാകും എന്ന കാര്യവും ഉറപ്പാണ്. കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തില്‍ നിന്നും മത്സരിക്കുന്ന അനുപ് ജേക്കബ് വിജയിച്ചാലും മന്ത്രി പദവിക്ക് സാധ്യതയുണ്ട്. അതേസമയം സീറ്റുകള്‍ വീതിച്ചെടുക്കാന്‍ കഴിഞ്ഞില്ലങ്കിലും മന്ത്രി പദവിയില്‍ ഗ്രൂപ്പ് സമവാക്യം ഉണ്ടാവണമെന്നതാണ് കോണ്‍ഗ്രസ്സ് ഗ്രൂപ്പ് നേതാക്കളുടെ ആഗ്രഹം. എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഇതിനായും ലിസ്റ്റുകള്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. എ ഗ്രൂപ്പ് ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. ഇതിന് ശക്തമായ എതിര്‍പ്പു വന്നാല്‍ നേമത്ത് നിന്നും വിജയിച്ചാല്‍ മുരളീധരനെ മുന്‍ നിര്‍ത്തി ‘കളിക്കാനാണ്’ എ ഗ്രൂപ്പിന്റെ നീക്കം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ടി.സിദ്ധിഖ്, എന്നിവരെല്ലാം വിജയിച്ചാല്‍ മന്ത്രി സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പരിഗണിക്കുന്ന പ്രധാന പേരുകളാണ്.

പി.ടി തോമസിനെയും മന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. ഐ ഗ്രൂപ്പില്‍ നിന്നും മുഖ്യമന്ത്രി കസേര ലക്ഷ്യം വയ്ക്കുന്നത് രമേശ് ചെന്നിത്തല തന്നെയാണ് ജോസഫ് വാഴക്കന്‍ വി.ഡി സതീശന്‍ ഉള്‍പ്പെടെ പ്രധാനികളുടെ വിപുലമായ ലിസ്റ്റും ഐ ഗ്രൂപ്പിന്റെ കൈവശമുണ്ട്. വീണ്ടും മന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന എ.പി അനില്‍കുമാര്‍ ഇത്തവണ കെ.സി വേണുഗോപാലിന്റെ പിന്തുണയാണ് ഏറെ പ്രതീക്ഷിക്കുന്നത്. ബിന്ദു കൃഷ്ണയാണ് യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ വനിതാ ക്വാട്ടയില്‍ മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവരില്‍ പ്രമുഖ. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കിയിലും എതിര്‍ വിഭാഗം ആഭ്യന്തരം ആവശ്യപ്പെടും. എന്നാല്‍ ഇത്തവണ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദവിയും ആഭ്യന്തര വകുപ്പും കയ്യാളുമെന്നാണ് എ വിഭാഗം അവകാശപ്പെടുന്നത്. ലഭിക്കുന്ന സൂചന പ്രകാരം ‘പുലി’ പതുങ്ങുന്നതു പോലെ പതുങ്ങിയിരുന്ന കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ ഭരണം ലഭിച്ചാല്‍ പരസ്പരം പോരാടാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

ഇതിനായി വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ സ്വാധീനിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. ഹൈക്കമാന്റിന്റെ ഇടപെടലില്‍ സീറ്റുകള്‍ നല്‍കിയവരെയാണ് പ്രധാനമായും വലയത്തിലാക്കാന്‍ എ – ഐ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. പുതുതായി ഉദയം കൊണ്ട കെ.സി ഗ്രൂപ്പിനെ പൊളിച്ചടുക്കാനും ഗ്രൂപ്പ് മാനേജര്‍മാര്‍ ശ്രമിക്കുന്നുണ്ട്. കെ.സി വേണുഗോപാലിന് കേരളത്തില്‍ സ്വാധീനം ഉണ്ടാക്കാന്‍ അവസരം നല്‍കരുതെന്ന നിലപാടിലാണിവര്‍. ഗ്രൂപ്പ് നേതാക്കളെ വെട്ടി നിരത്തി പുതുമുഖങ്ങളെ പരീക്ഷിച്ചതിനു പിന്നില്‍ കെ.സിയുടെ രഹസ്യ അജണ്ടയാണ് പ്രവര്‍ത്തിച്ചതെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്.

യു.ഡി.എഫിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അവര്‍ക്ക് ഭരണം ലഭിച്ചില്ലങ്കില്‍ വലിയ വിലയാണ് കെ.സി വേണുഗോപാലിനു കൊടുക്കേണ്ടി വരിക.എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എന്ന പദവിയും അത്തരമൊരു സാഹചര്യത്തില്‍ തെറിക്കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ഹൈക്കമാന്റ് നേരിട്ട് നടത്തിയ സര്‍വേ കെ.സിയുടെ തട്ടിപ്പ് സര്‍വേ ആയിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ വലിയ വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളും.

സര്‍വേയുടെ പേരില്‍ വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനും പാര്‍ട്ടിയിലെ ശത്രുക്കളെ വെട്ടി നിരത്താനുമാണ് കെ.സി ശ്രമിച്ചതെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ അടിയൊഴുക്കുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഭരണം ലഭിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത് കൊണ്ട് ഒലിച്ചു പോകുന്നതല്ല കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്തെന്നാണ് സി.പി.എം നേതാക്കള്‍ തുറന്നടിക്കുന്നത്. ഭരണ തുടര്‍ച്ച സംഭവിക്കുന്നതോടെ യഥാര്‍ത്ഥത്തില്‍ മുങ്ങാന്‍ പോകുന്നത് യു.ഡി.എഫ് എന്ന കപ്പല്‍ തന്നെയാണെന്നാണ് ചെങ്കൊടിയുടെയും പ്രഖ്യാപനം.

 

Top