ജമ്മു–കശ്‌മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം, ഉടൻ തെരഞ്ഞെടുപ്പ്‌ നടത്തണം: സിപിഐ എം

ന്യൂഡൽഹി : ജമ്മു–കശ്‌മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ഉടൻ നിയമസഭ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും രണ്ട്‌ ദിവസമായി നടന്നുവരുന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 370-ാം വകുപ്പ്‌ റദ്ദാക്കി ജമ്മു– കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്‌ത്തുകയും ചെയ്‌തിട്ട്‌ നാല്‌ വർഷമായി. ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനും നേരെ ഉണ്ടായ ഈ കടന്നാക്രമണത്തിനുശേഷം ജമ്മു– കശ്‌മീർ ജനതയുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്തു.

കേന്ദ്ര ഭരണത്തിൽ സ്ഥിരവാസ നിയമങ്ങളും ഭൂമി നിയമങ്ങളും ഭേദഗതി ചെയ്‌ത്‌ ജമ്മു– കശ്‌മീരിന്റെ തനിമ മാറ്റിമറിക്കുകയാണ്‌. ഇവിടത്തെ ജനസംഖ്യ ഘടന മാറ്റിമറിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. യുഎപിഎ, പൊതു സുരക്ഷാനിയമം തുടങ്ങിയ കിരാതനിയമങ്ങൾ ഉപയോഗിച്ച്‌ രാഷ്‌ട്രീയ നേതാക്കളെയും പ്രവർത്തകരെയും വൻതോതിൽ തടവിലാക്കി. നൂറുകണക്കിന്‌ രാഷ്‌ട്രീയ തടവുകാർ ഇപ്പോഴും മോചിതരായിട്ടില്ല, ഇവരിൽ പലരും സംസ്ഥാനത്തിന്‌ പുറത്തുള്ള ജയിലുകളിലാണ്‌. സർക്കാർ വലിയ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും സാമ്പത്തികനില വഷളായി, തൊഴിലില്ലായ്‌മ നിരക്ക്‌ ഇവിടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്‌. ആപ്പിൾ കർഷകരും ചെറുകിട സംരംഭകരും കടുത്ത ദുരിതത്തിൽ.

മാധ്യമങ്ങളെ അടിച്ചമർത്തുകയാണ്‌. കടുത്ത സെൻസർഷിപ്പ്‌ നിലനിൽക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ല. മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ ജയിലിൽ അടച്ചു. നിയമസഭ തെരഞ്ഞെടുപ്പ്‌ നടത്താത്തത്‌ കാരണം ജമ്മു– കശ്‌മീർ ജനതയുടെ അടിസ്ഥാന ജനാധിപത്യ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. കശ്‌മീർ താഴ്‌വരയിൽനിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം കുറച്ച്‌, ബിജെപി താൽപര്യങ്ങൾക്ക്‌ അനുസൃതമായി മണ്ഡലം പുനർനിർണയം നടത്തിയശേഷവും നിയമസഭ തെരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്രം തയ്യാറല്ല. ജമ്മു– കശ്‌മീർ ജനതയെ രണ്ടാം തരം പൗരന്മാരായി തരംതാഴ്‌ത്തി. അവകാശങ്ങൾ പുനഃസ്ഥാപിച്ച്‌ കിട്ടാനായി പൊരുതുന്ന ജമ്മു– കശ്‌മീർ ജനതയ്‌ക്കും ജനാധിപത്യ ശക്തികൾക്കും കേന്ദ്രകമ്മിറ്റി യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യോഗം ഞായറാഴ്‌ചയും തുടരും.

Top