ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കാൻ സിപിഐഎം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കവുമായി സിപിഐഎം. വീടുകള്‍ സന്ദര്‍ശിച്ചും വോട്ടര്‍മാരുമായി കൃത്യമായ ബന്ധം പുലര്‍ത്തിയും സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിച്ചും ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. വോട്ടര്‍മാര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കണമെന്നും പാർട്ടി പ്രവർത്തകർക്ക് നിര്‍ദേശമുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകുന്നത് വീടുകളുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് കൊണ്ടാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതിനാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഒരാളായി മാറാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് കഴിയണമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. ഒരു വോട്ടും പാഴാകാത്തവിധം വിനയാന്വിതമായാകണം പെരുമാറ്റം. പാര്‍ട്ടിയില്‍ അകന്നുനില്‍ക്കുന്നവരെ തിരികെയെത്തിക്കാന്‍ ശ്രമിക്കണം. ബുത്ത് അടിസ്ഥാനത്തില്‍ ഓരോ വോട്ടറുടേയും മനസറിഞ്ഞ് വോട്ട് മറുപക്ഷത്തേക്ക് മറിയാതിരിക്കാനുള്ള ഇടപെടല്‍ വേണമെന്നും സിപിഐഎം നിര്‍ദേശിക്കുന്നു.

മാര്‍ഗ നിര്‍ദേശം സംബന്ധിച്ച് നിയമസഭ മണ്ഡലം, ലോക്കല്‍, ബൂത്ത് അടിസ്ഥാനത്തില്‍ എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും ക്ലാസ് നല്‍കുന്നുണ്ട്. പത്ത് വീടിന് ഒരു പാര്‍ട്ടി അംഗം എന്ന രീതിയിലാണ് പ്രവര്‍ത്തനം. മാത്രമല്ല ഒരു ബൂത്തില്‍ മൂന്നുപേര്‍ വീതമുള്ള നാലുസംഘങ്ങള്‍ രൂപീകരിക്കും. വോട്ടര്‍മാരുമായി ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കേണ്ടത് ഇവരുടെ കൂടി ചുമതലയാകും.

Top