പൊന്നാനി ലോകസഭ മണ്ഡലം പിടിച്ചെടുക്കാൻ സി.പി.ഐഎം; മലപ്പുറത്ത് അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് !

മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ട എന്ന് അറിയപ്പെടുന്ന ലോകസഭ മണ്ഡലമാണ് പൊന്നാനി. എക്കാലത്തെയും മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് ഇ.ടി മുഹമ്മദ് ബഷീർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഹാട്രിക്​ നേട്ടം കൂടിയായിരുന്നു അത്. 1,81,569 വോട്ടി​ന്റെ ഭൂരിപക്ഷത്തിനാണ്​​ ഇ.ടി. മുഹമ്മദ്​ ബഷീർ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറിനെ തോൽപ്പിച്ചിരുന്നത്.

et muhammad basheer

എന്നാൽ 2019 – ൽ നിന്നും 2024-ലേക്ക് കാര്യങ്ങൾ എത്തുമ്പോൾ ബഷീറിനും മുസ്ലീംലീഗിനും കാര്യങ്ങൾ അത്ര എളുപ്പമാകുകയില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ചു പരിശോധിച്ചാൽ, പതിനായിരത്തിൽ താഴെ മാത്രമാണ് യു.ഡി.എഫിനു ഈ മണ്ഡലത്തിൽ ലീഡുള്ളത്. ഒന്നു ആഞ്ഞുപിടിച്ചാൽ പൊന്നാനി എന്ന പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ തങ്ങൾക്കു പറ്റുമെന്ന വലിയ ആത്മവിശ്വാസം ഇടതുപക്ഷത്തിനും ഇപ്പോഴുണ്ട്.

ഇ.ടിയല്ല ആരു തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയായാലും ഇത്തവണ മണ്ഡലം പിടിച്ചെടുത്തിരിക്കും എന്ന വാശിയിലാണ് സി.പി.എം പ്രവർത്തകരും ഉള്ളത്. മന്ത്രി വി അബ്ദുറഹിമാൻ, കെ.ടി ജലീൽ തുടങ്ങി, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ ഖലീമുദ്ദീൻ ഉൾപ്പെടെ സി.പി.എമ്മിന്റെ പരിഗണനാ ലിസ്റ്റിൽ നിരവധി പേരുകളുണ്ട്.

തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി, തൃത്താല – നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് പൊന്നാനി ലോകസഭ മണ്ഡലം. മത ന്യൂനപക്ഷങ്ങൾ കൂടുതൽ ഉള്ള മണ്ഡലമാണിത്. കൂടുതലും സുന്നി വിഭാഗക്കാരാണ് പൊന്നാനിയിലുള്ളത്. ഇരു സമസ്‌തകളുടെ വോട്ടും മുണ്ഡലത്തിൽ അതിനിർണ്ണായകമാണ്. എസ്ഡിപിഐ, പിഡിപി, വെൽഫെയർ പാർട്ടി തുടങ്ങിയവരുടെ വോട്ടുകളും ജയ പരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ സ്വാധീനിച്ചേക്കും. തീരദേശ മണ്ഡലമായ പൊന്നാനിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും സാധാരണ ഗതിയിൽ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി മലപ്പുറം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തിനും അനുകൂലമായതിനാൽ പൊരിഞ്ഞ പോരാട്ടം തന്നെയാകും ഇത്തവണ നടക്കാൻ പോകുന്നത്. മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ പോലും ഒന്നര ലക്ഷത്തോളം വോട്ടുകളാണ് ലീഗിനു നഷ്ടമായിരിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് പുതിയ വോട്ടുകൾ നേടിയാണ് ലീഗിന്റെ മലപ്പുറം കോട്ടയെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉലച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പൊന്നാനിയിൽ മാത്രമല്ല മലപ്പുറത്തും ലീഗ് ശരിക്കും വിയർപ്പ് ഒഴുക്കേണ്ടിവരും.

മലപ്പുറത്തെ ഈ രണ്ട് ലോകസഭ മണ്ഡലങ്ങളിൽ സി.പി.എം കൂടുതൽ വിജയ സാധ്യത കാണുന്നത് പൊന്നാനിയിലാണ്. അവരുടെ സകല സംഘടനാ സംവിധാനങ്ങളും ഇനി പൊന്നാനിയിൽ കേന്ദ്രീകരിക്കാൻ തന്നെയാണ് സാധ്യത. ഏക സിവിൽ കോഡ് വിഷയം തന്നെയാകും ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ വിഷയമാകാൻ പോകുന്നത്.

സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാതിരുന്ന ലീഗ് നിലപാടും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചോദ്യം ചെയ്യും. ലീഗ് നേതൃത്വത്തെ കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിച്ച ഇടി മുഹമ്മദ് ബഷീറിനു തന്നെ നേരിട്ട് മറുപടി പറയേണ്ട സാഹചര്യവും അതോടെ വരും. ലീഗ് യോഗം കഴിഞ്ഞ ശേഷം വിശദീകരിച്ചതു പോലെ സി.പി.എം വിരുദ്ധത മാത്രം ഉയർത്തിക്കാട്ടി മറുപടി നൽകിയാൽ തിരഞ്ഞെടുപ്പിലെ കണക്കു കൂട്ടലാണ് തെറ്റിപ്പോവുക.

CPIM SEMINAR

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി വിഭാഗം മാത്രമല്ല ഇ.കെ വിഭാഗവും ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം നിലപാടിനൊപ്പമാണ് നിൽക്കുന്നത്. മുസ്ലിം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത ഇ.കെ വിഭാഗത്തിലെ വോട്ടുകൾ ഭിന്നിച്ചാൽ അത് പൊന്നാനിയിലെ ലീഗിന്റെ സാധ്യതകളെയാണ് ബാധിക്കുക. ഇടതുപക്ഷത്തിൽ ആവർത്തിച്ച് വിശ്വാസം രേഖപ്പെടുത്തുന്ന സമസ്ത നേതൃത്വം എതിർ ശബ്ദങ്ങളെ അവഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതും ലീഗിന് തിരിച്ചടിയാണ്.

ലീഗിന്റെ മറ്റൊരു പ്രധാന വോട്ട് ബാങ്കായ നദ് വത്തുൽ മുജാഹിദീനും ലീഗ് എതിർപ്പ് തള്ളിയാണ് സി.പി.എം സെമിനാറിൽ പങ്കെടുത്തിരിക്കുന്നത്. ഇതെല്ലാം തന്നെ സി.പി.എം. നിലപാടിനോട് മുസ്ലീം സംഘടനകൾക്കുള്ള വിശ്വാസമാണ് എടുത്തു കാണിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ സ്വകാര്യ ബിൽ വന്നപ്പോൾ അതിനെ ശക്തമായി ചെറുത്ത് നിന്നത് സി.പി.എം – എം.പിമാരായിരുന്നു എന്ന കാര്യവും സമസ്ത നേതാക്കൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇത്തരമൊരു പ്രധാന ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്നും മുങ്ങിയത് സംബന്ധിച്ച് ലീഗ് എം.പിയായ പിവി അബ്ദുൽ വഹാബിനുതന്നെ മുൻപ് പരസ്യമായി പ്രതികരിക്കേണ്ടിയും വന്നിരുന്നു. ഇതും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സി.പി.എമ്മിനാണ് ഗുണം ചെയ്യുക. ഏകീകൃത സിവിൽ കോഡിനായുള്ള ബിൽ അവതരണത്തെ എതിർക്കാൻ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ ഇല്ലായിരുന്നുവെന്ന അബ്ദുൽ വഹാബ് എം.പിയുടെ വിമർശനത്തെ പോസീറ്റിവായി എടുത്താൽ മതിയെന്ന് പറഞ്ഞാണ് അന്ന് പി.കെ കുഞ്ഞാലിക്കുട്ടി മയപ്പെടുത്താൻ ശ്രമിച്ചിരുന്നത്.

“ഏകീകൃത സിവിൽ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ പാർട്ടികൾ കണ്ണിലെണ്ണയൊഴിച്ച് കരുതിയിരിക്കണമെന്നും” അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. കുഞ്ഞാലിക്കുട്ടി അന്നു ആവശ്യപ്പെട്ടതു പോലെ കണ്ണിലെണ്ണയൊഴിച്ചു തന്നെയാണോ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ കരുതിയിരിക്കുന്നത് എന്നതിനും ലീഗ് നേതൃത്വം മറുപടി പറയേണ്ടി വരും. ഈ നിമിഷം വരെ ഏക സിവിൽ കോഡ് വിഷയത്തിൽ രാഹുൽ ഗാന്ധി ‘വാ’ തുറന്നിട്ടില്ല. ‘മൗനം’ എന്നത് സമ്മതമായാണ് കണക്കാക്കുന്നതെങ്കിൽ രാഹുലിന്റെ ഈ ‘മൗനം’ തീർച്ചയായും ഏക സിവിൽ കോഡിനു അനുകൂലമായുള്ള സിഗ്നലാണ്.

ശശി തരൂർ മുതൽ ഹിമാചൽ മന്ത്രിവരെയുള്ള കോൺഗ്രസ്സ് നേതാക്കളുടെ പരസ്യ പ്രതികരണത്തിലും കോൺഗ്രസ്സ് നിലപാട് വ്യക്തമാണ്. ഇതൊന്നും വകവയ്ക്കാതെ കേരളത്തിൽ മാത്രം കോൺഗ്രസ്സ് പാർട്ടി ഏക സിവിൽ കോഡിനെതിരെ നിലപാട് സ്വീകരിച്ചാൽ അതിനെ ‘ഇരട്ടതാപ്പ് നയം’ എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും.

ഇങ്ങനെ വ്യക്തമായ നിലപാടില്ലാത്ത കോൺഗ്രസ്സിനെയാണ് ഏക സിവിൽ കോഡ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായി മുസ്ലീംലീഗും കണ്ടിരിക്കുന്നത്. സ്വന്തം കുഴി തോണ്ടുന്നതിനു തുല്യമായ നിലപാടാണിത്. അതെന്തായാലും പറയാതെ വയ്യ. ഈ യാഥാർത്ഥ്യം ഇനിയും ലീഗ് നേതൃത്വം തിരിച്ചറിഞ്ഞിട്ടില്ലങ്കിൽ ലീഗിന്റെ ഉള്ള അടിത്തറ കൂടിയാണ് തകരാൻ പോകുന്നത്. അതിന്റെ അലയൊലികൾ പൊന്നാനിയിൽ നിന്നു തന്നെ കണ്ടു തുടങ്ങിയാലും ഇനി അത്ഭുതപ്പെടേണ്ടതില്ല. നിലവിലെ അവസ്ഥയും അതു തന്നെയാണ്.

EXPRESS KERALA VIEW

Top