സംസ്ഥാനത്തെ കേസുകളില്‍ സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കാന്‍ സിപിഎം

തിരുവനന്തപുരം: കേരളത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരത്തില്‍ കേസന്വേഷിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയുടെ പിന്‍ബലത്തിലാണ് സി.ബി.ഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐ.ക്കും ഇതേ നിലപാടാണ്. എല്‍.ഡി.എഫ്. യോഗത്തില്‍ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. ഈ സഹാചര്യത്തില്‍ നേരത്തേ നല്‍കിയ അനുമതി പുനഃപരിശോധിക്കണം. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബി.ജെ.പി ഇതര സര്‍ക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളൊക്കെ സി.ബി.ഐ.ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു.

Top