ബിജെപിയില്‍ ചേരാന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതായി തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട്:കെ സുരേന്ദ്രനെതിരെ ക്യാംപെയിന്‍ വിവാദവുമായി സിപിഎം നേതാവും കോഴിക്കോട് മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍. ബിജെപിയില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിച്ച് കെ.സുരേന്ദ്രന്‍ തന്നെ വന്നു കണ്ടിരുന്നു. എന്നാല്‍, ബിജെപിയുമായി യോജിക്കാനാവില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും രവീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, സുഹൃത്തെന്ന നിലയിലാണ് തോട്ടത്തില്‍ രവീന്ദ്രന്റെ വീട്ടില്‍ എത്തിയതെന്നായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം.

തദ്ദേശ തരഞ്ഞെടുപ്പിനു പിന്നാലെയാണ് തോട്ടത്തില്‍ രവീന്ദ്രന്റെ കോഴിക്കോട് ചക്കോരത്തുകുളത്തെ വീട്ടില്‍ കെ. സുരേന്ദ്രന്‍ എത്തിയത്. ബിജെപിയില്‍ ചേരണമെന്നായിരുന്നു ആവശ്യം. താനൊരു ഈശ്വരവിശ്വാസിയാണ്, ഒപ്പം കമ്യൂണിസ്റ്റുമാണ്. ഈശ്വരവിശ്വാസികള്‍ക്ക് സിപിഎമ്മില്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍, സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നില്ലെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തോട്ടത്തില്‍ രവീന്ദ്രന്‍ നിലവില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമാണ്. വിശ്വാസ കാര്യത്തിലുളള നിലപാട് മുമ്പും തുറന്നു പറഞ്ഞിട്ടുളള തോട്ടത്തില്‍ രവീന്ദ്രന്‍ രണ്ടു വട്ടം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Top