ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്

തൃശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭരണഘടനയെക്കുറിച്ച് ബോധമില്ലാത്ത ഗവര്‍ണര്‍ വഹിക്കുന്ന പദവി മുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം വരെ വൈദേശികമാണെന്ന് എം സ്വരാജ് വിമര്‍ശിച്ചു. ആര്‍എസ്എസ് പ്രതിനിധി മാത്രമാണ് ഗവര്‍ണര്‍. ഇടതുപക്ഷം വൈദേശികത്തോട് അടുത്തു നില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് എന്തിനാണെന്നും എം സ്വരാജ് ചോദിച്ചു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ഗവര്‍ണറുടെ പദവി ആവശ്യമില്ല. ബിജെപിയുടെ പ്രധാന നേതാക്കളെയാണ് ഗവര്‍ണര്‍മാരാക്കുന്നതെന്നും സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെ ഗവര്‍ണര്‍ തടസ്സപ്പെടുത്തുകയാണെന്നും എം വി ഗോവിന്ദന്‍ ഇന്ന് പറഞ്ഞിരുന്നു. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് ഗവര്‍ണര്‍ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ടത്. ഗവര്‍ണര്‍മാര്‍ക്ക് പരിമിതികളുണ്ട്. സുപ്രീംകോടതി വിധി ഇക്കാര്യം വ്യക്തമാക്കുന്നു. ഗവര്‍ണര്‍ക്ക് എവിടെ വരെ പോകാന്‍ കഴിയുമെന്ന കാര്യത്തില്‍ ഭരണഘടന വ്യക്തതയുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ടത്. രണ്ട് പിഎസ്സി അംഗങ്ങളുടെ നിയമനവും അംഗീകരിച്ചിരുന്നു.

ഗവര്‍ണര്‍ പദവിയില്‍ തുടരാന്‍ യോഗ്യത ഇല്ലാത്തയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. സംഘ്പരിവാറിന്റെ വിനീത വിധേയനാണ് ഗവര്‍ണര്‍. കാലുമാറിയ അവസരവാദി. അദ്ദേഹത്തിന് പദവികള്‍ ഇല്ലാതെ ജീവിക്കാന്‍ ആകില്ലെന്നും സ്വരാജ് വിമര്‍ശിച്ചു. ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നാണ് സിപിഐഎം നിലപാടെന്ന് സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതിന് പിന്നാലെയാണ് സ്വരാജിന്റേയും വിമര്‍ശനം.

 

Top