സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ഇ പി ജയരാജനെതിരായ കേസും ചര്‍ച്ചയാകും

തിരുവനന്തപുരം: ഇ പി ജയരാജനെതിരെ കേസ് എടുത്തത് അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. വിമാനത്തിലെ പ്രതിഷേധത്തിനെ തുടർന്ന് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ടായ കേസുകളിൽ എന്ത് തുടർ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണമെന്ന കാര്യം യോഗം ചർച്ച ചെയ്യും. നേരത്തെ നടത്തിയ രാഷ്ട്രീയ പ്രചരണം കൂടുതൽ ശക്തമാക്കാൻ സിപിഐഎം തീരുമാനിച്ചേക്കും. മുൻ ധനമന്ത്രി തോമസ് ഐസകിന് ഇ ഡി നൽകിയ നോട്ടിസിൽ ഹാജരാകുന്ന കാര്യവും സെക്രട്ടറിയേറ്റ് ഇന്ന് ചർച്ച ചെയ്യും.

വധശ്രമം, ക്രിമിനൽ ഗൂഢാലോചനാ വകുപ്പുകൾ ചുമത്തിയാണ് ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസം വലിയതുറ പൊലീസ് കേസെടുത്തത്. വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തിൽ ഇപി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്മാൻ, പേഴ്‌സണൽ സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്.പ്രതിഷേധക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും ആർകെ നവീൻ കുമാറുമാന് ഹർജി സമർപ്പിച്ചിരുന്നത്.

Top